സലായില്ലാത്ത ഈജിപ്തിനെ തകർത്തെറിഞ്ഞ് ബെൽജിയം

ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തിൽ ബെൽജിയത്തിനു തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബെൽജിയം ഈജിപ്തിനെ പരാജയപ്പെടുത്തിയത്. ലോകകപ്പിന് മുന്നോടിയായുള്ള  മത്സരത്തിലാണ് ബെൽജിയത്തിലെ തകർപ്പൻ ജയം. ഈഡൻ ഹസാർഡാണ്‌ ബെൽജിയത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് ചെൽസി താരത്തിന്റെ സംഭാവന. ഹസാർഡിനു പുറമെ ലുകാകുവും ഫെല്ലിനിയും ബെല്ജിയത്തിനു വേണ്ടി ഗോളടിച്ചു.

സ്‌ട്രൈക്കർ മുഹമ്മദ് സലാ ഇല്ലാതെ ഇറങ്ങിയ ഫറാവോസിനു ബെല്ജിയത്തിനെതിരെ കാര്യമായൊന്നും ചെയ്യാനായില്ല. എങ്കിലും ബെൽജിയത്തിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ മത്സരത്തിൽ ഉടനീളം പ്രകടമായിരുന്നു. ആദ്യ പകുതിയിലാണ് രണ്ടു ഗോളുകൾ വീഴുന്നത്. ഇരുപത്തിയേഴാം മിനുട്ടിലെ തകർപ്പൻ ഗോളിന് ശേഷം വീണു കിട്ടിയ സുവർണാവസരം ലുകാകു പാഴാക്കി. 45 വയസ്സുകാരനായ എൽഹാദരിക്ക് ബെൽജിയത്തിന്റെ ചടുലമായ നീക്കങ്ങൾക്ക് തടയിടാനായില്ല. 38 ആം മിനുട്ടിലായിരുന്നു ഹസാർഡിന്റെ ഗോൾ. ആദ്യപകുതിക്ക് ശേഷം ഫെല്ലെയ്നിയെയും ബാത്ശുവായിയെയും ചാഡ്‌ലിയെയും കളത്തിലിറക്കി. ഫെല്ലെയ്നിയുടെ വകയായിരുന്നു സ്റ്റോപ്പേജ് ടൈം ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial