സിംഗപ്പൂർ പൂരപറമ്പാക്കി അർജന്റീന പട

സിംഗപ്പൂരിന്റെ വലയിൽ  ആറ് ഗോൾ അടിച്ച് കയറ്റി അർജന്റീനക്ക് തകർപ്പൻ ജയം. അർജന്റീനക്ക് വേണ്ടി ഫാസിയോ, കോറിയ, ഗോമസ്, നിക്കോളാസ് അലറിയോ, പരദേസ്, ഡിമരിയ എന്നിവർ ഓരോ ഗോൾ വീതം നേടി.  പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് കാര്യമായ വെല്ലുവിളി സൃഷ്ട്ടിക്കാൻ സിംഗപ്പൂരിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും സാധിച്ചില്ല. തുടർച്ചയായ ഇടവേളകളിൽ സിംഗപ്പൂർ വലയിലേക്ക് അർജന്റീന ഗോൾ അടിച്ച് കയറ്റുകയായിരുന്നു. രണ്ടു പ്രധിരോധ നിരക്കാരെ മാത്രം അണിനിരത്തി പരീക്ഷണ ടീമിനെയാണ് സാംപോളി ഇറക്കിയത്.

മത്സരത്തിന്റെ 25ആം മിനുട്ടിലാണ് അർജന്റീന ഗോൾ വേട്ട ആരംഭിച്ചത്. ഗോമസിന്റെ കോർണറിൽ നിന്നും ഫെഡറികോ ഫാസിയോ ആണ് ഗോൾ നേടിയത്. 31 ആം മിനുട്ടിൽ കാർലോസ് കോറിയയിലൂടെ അർജന്റിന ലീഡ് ഇരട്ടിയാക്കി. ഡിബാലയുടെ ക്രോസിൽ നിന്നായിരുന്നു കോറിയയുടെ ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന  2 – 0 മുൻപിലായിരുന്നു.

60ആം മിനുട്ടിൽ ഡാരിയോ ഗോമസിലൂടെ അർജന്റീന ലീഡ് മൂന്നാക്കി ഉയർത്തി. പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും ഗോമസിന്റെ ഒരു അത്യുഗ്രൻ ഷോട്ട് സിംഗപ്പൂർ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ വല കുലുക്കി. 74ആം മിനുട്ടിൽ പരദേസിന്റെ വകയായിരുന്നു അർജന്റീനയുടെ നാലാമത്തെ ഗോൾ. പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് തൊടുത്ത് വിട്ട് ഷോപ് സിംഗപ്പൂർ വലയിലാണ് ചെന്ന് വീണത്.  ഇഞ്ചുറി ടൈമിൽ രണ്ടു ഗോളടിച്ച് കൊണ്ട്  നിക്കോളാസ് അലറിയോയും ഡി മരിയയും അർജന്റീന ഗോൾ പട്ടിക പൂർത്തിയാക്കി.  മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഡി മരിയ ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിലാണ് ഗോൾ നേടിയത്.

മെസ്സിയുടെയും ഹിഗ്വയിന്റെയും പ്രകടനം കാണാൻ കാണികൾക്ക് സാധിച്ചില്ലെങ്കിലും അര്ജന്റീനയുടെ പ്രകടനം ആരാധകർക്ക് ആസ്വാദന വിരുന്നായി. തുടർച്ചയായ രണ്ടാം മത്സരത്തിൽ ഗോളൊന്നും വഴങ്ങാതെ മത്സരം വിജയിക്കാനും സാംപോളിയുടെ ടീമിനായി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോഹ്‍ലി തന്നെ ഒന്നാമന്‍, ധവാന് പത്താം റാങ്ക്
Next articleകിർഗിസ്ഥാനെ തകർത്തെറിഞ്ഞ ഛേത്രി മാജിക്ക്, ഇന്ത്യയുടെ ഏഷ്യൻ സ്വപ്നങ്ങൾ പൂക്കുന്നു