മെസ്സിയില്ലാതെ ലോകകപ്പ് യോഗ്യതയിൽ ശ്വാസം മുട്ടി അർജന്റീന

മെസിയെ നാല് കളികളിൽ നിന്നും വിലക്കിയ വിവാദ തീരുമാനം വന്ന് മണിക്കൂറുകൾക്ക് ശേഷം നടന്ന മാച്ചിൽ അർജന്റിന എക പക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. ലാ പാസിൽ നടന്ന മൽസരത്തിൽ അടിപതറിയ അർജന്റീനയെയാണ് കാണാൻ സാധിച്ചത്. മെസിയുടെ അഭാവമാണോ ഹൈ ആൾറ്റിറ്റ്യൂഡ് ആണോ  എന്ന് പറയുക അസാധ്യം.

ജുവാൻ കാർലോസും മാർസെല്ലോ മാർടിനെസ് മൊറേനോയും ഇരു പകുതിയിലുമായി ബൊളീവിയയ്ക്ക് വേണ്ടി ഗോൾ നേടിയപ്പോൾ അർജന്റീനക്കു മറുപടി ഇല്ലായിരുന്നു. മെസിയില്ലാതെ ഇറങ്ങിയ അർജന്റീനയ്ക്ക് ലാ പാസിലെ ഹൈ ആൾറ്റിറ്റ്യൂഡ് പ്രശ്നങ്ങൾ സൃഷ്ടിച്ചു. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ ഉള്ള ക്യാപിറ്റൽ സിറ്റിയിൽ നടന്ന മാച്ചിൽ ബൊളീവിയയെ നേരിടുന്നതിൽ അർജന്റിന അമ്പേ പരാജയമായിരുന്നു. മധ്യ നിരയിൽ സസ്‌പെൻഷൻ കാരണം മസ്കരാനോയും ലൂക്കാസ് ബിഗ്ലിയയും ഇല്ലാത്തത്‌ അർജന്റീനക്ക് ക്ഷീണം ചെയ്തു.

ഡി മരിയയെ മുൻ നിർത്തിയാണ് അർജന്റീന ആക്രമണങ്ങൾ നടത്തിയത്. ബൊളീവിയ ആദ്യ ഗോൾ നേടുന്നതിന്റെ തൊട്ടു മുൻപ് ഡി മരിയക്കു കിട്ടിയ മികച്ചൊരുവസരം ബൊളീവിയ ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ ജുവാൻ കാർലോസ് ആർക് ബൊളീവിയയെ മുന്നിലെത്തിക്കുക്കയും ചെയ്തു.

ചിലിയുമായുള്ള മൽസരത്തിൽ ലൈൻ റഫറിയെ അധിഷേപിച്ചു സംസാരിച്ചതിനാണ് മെസിക്ക് നാല് വേൾഡ് കപ്പ് ക്വാളിഫയേഴ്സിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നത്. വിധിക്ക് എതിരെ അപ്പീൽ പോകുമെന്ന് അർജന്റീന അറിയിച്ചിട്ടുണ്ട്. 2014 ലെ ഫൈനലിസ്റ്റുകളായ അർജന്റീനയ്ക്ക് 2018 ലെ വേൾഡ് കപ്പ് പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ഇനിയുള്ള മൽസരങ്ങൾ ജയിച്ചേ മതിയാകു. സൗത്ത് അമേരിക്കൻ യോഗ്യതയിൽ അർജന്റീന ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ആദ്യ നാല് സ്ഥാനക്കാർ മാത്രമാണ് റഷ്യയിലേക്ക് നേരിട്ട് യോഗ്യത നേടുക. അഞ്ചാം സ്ഥാനം നേടുന്ന ടീം പ്ലേ ഓഫ് മത്സരത്തിന് യോഗ്യത നേടും.

Previous articleസോക്കർ ഷൊർണ്ണൂരിന്റെ വലയിൽ ബ്ലാക്കിന്റെ അഞ്ച്
Next articleക്യാപ്റ്റനായി നെയ്മർ, തോൽവിയറിയാതെ ബ്രസീൽ