സാംപോളിക്ക് കീഴിൽ പുതിയ തീരം തേടി അർജന്റീന

ലോകകപ്പ് യോഗ്യതക്ക് വേണ്ടി സൗത്ത് അമേരിക്കൻ ഭീമന്മാരായ അർജന്റീനയും ഉറുഗ്വയും ഏറ്റുമുട്ടും. വെള്ളിയാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം 4.30നാണു മത്സരം.  ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ  മൂന്നാം സ്ഥാനത്തിരിക്കുന്ന ഉറുഗ്വക്കും പ്ലേ ഓഫ് സ്ഥാനമായ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന അർജന്റീനക്കും  മത്സരം നിർണായകമാണ്. അര്ജന്റീന കോച്ച് ആയി സാംപോളിയുടെ ആദ്യ ഔദോഗിക മത്സരം കൂടിയാണിത്. ബ്രസീലിനോട് അടക്കം മുൻപ് കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളിലും വിജയിച്ചാണ്  സാംപോളിയുടെ വരവ്.

അർജന്റീന നിരയിൽ പരിക്ക് മൂലം മാനുൽ ലാൻസീനിയും എഡ്‌വാർഡോ സാൽവിയോയും ടീമിൽ ഇടം നേടിയിട്ടില്ല. സാംപോളി മുന്നേറ്റ നിരയിൽ യുവന്റസ് താരം ഹിഗ്വയിന് പകരം ഇന്റർ  മിലൻ സൂപ്പർ തരാം മൗറോ ഐകാർഡി ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ആക്രമണ നിരയിൽ മെസ്സിയോടൊപ്പം കഴിഞ്ഞ ദിവസം യുവന്റസിന് വേണ്ടി ഹാട്രിക് നേടിയ ഡിബാലയും ഉണ്ടാവും.

ഉറുഗ്വ നിരയിൽ ബാഴ്‌സലോണ താരം ലൂയിസ് സുവാരസ് ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും പരിക്ക് മൂലം കളിക്കുമെന്ന് ഉറപ്പില്ല. ബാഴ്‌സലോണക്ക് വേണ്ടി  കളിക്കുമ്പോഴാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. സുവാരസിന്റെ അഭാവത്തിൽ പി.എസ്.ജി താരം കവാനിയാവും ഉറുഗ്വ ആക്രമണ നിരയുടെ കപ്പിത്താൻ.  അവസാനം കളിച്ച 5 മത്സരങ്ങൾ തുടർച്ചയായി പരാജയപെട്ടാണ് ഓസ്കാർ ടാബാറസിന്റെ ടീമിന്റെ വരവ്.

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ 14 മത്സരങ്ങളിൽ നിന്ന് 33 പോയിന്റോടെ ബ്രസീൽ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. നേരിട്ടുള്ള യോഗ്യതക്ക് വേണ്ടിയുള്ള മൂന്ന് സ്ഥാനങ്ങളിൽ അര്ജന്റീനയും ഉറുഗ്വയുമടക്കം 6 ടീമുകളാണ് പോരാടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശര്‍ദ്ധുല്‍ താക്കൂറിനു അരങ്ങേറ്റം, മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
Next articleലൂയിസ് നാനി വലൻസിയ വിട്ടു, ഇനി ഇറ്റാലിയൻ ലീഗിൽ