17കാരൻ ഗ്രീൻവുഡിന്റെ മികവിൽ ഇന്ററിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പ്രീസീസണിലെ മികച്ച ഫോം മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു. തുടർച്ചയായ മൂന്നാം വിജയമാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിര സ്വന്തമാക്കിയത്. ഇന്ന് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ഇന്റർ മിലാനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. കളി മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യം ആയിരുന്നു എങ്കിലും ഒരു ഗോൾ മാത്രമേ യുണൈറ്റഡിന് നേടാൻ ആയുള്ളൂ.

മികച്ച ടീമിനെ തന്നെ ഇറക്കി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും യുണൈറ്റഡ് മുന്നേറ്റ നിരക്ക് അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. മാർഷ്യലും റാഷ്ഫോർഡും ഒക്കെ ശ്രമിച്ചിട്ടും ഇന്റർ പ്രതിരോധം ഭേദിക്കപ്പെട്ടില്ല.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ 17കാരൻ ഗ്രീൻവുഡാണ് മാഞ്ചസ്റ്ററിനായി വിജയ ഗോൾ നേടിയത്. ഗംഭീര ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു ഗ്രീൻവുഡിന്റെ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെയും ഗ്രീൻവുഡ് ഗോൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ചോങ്, ബിസാക എന്നിവരും ഇന്ന് മികച്ചു നിന്നു. ഇക്കാർഡിയെയും നൈൻഗോളനെയും ടീമിൽ ഉൾപ്പെടുത്താതെ ഇറങ്ങിയ ഇന്ററിന് കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ ആയില്ല.