
തുടർച്ചയായ രണ്ടാം എ എഫ് സി കപ്പ് ഫൈനൽ എന്ന ലക്ഷ്യം മനസ്സിലുറപ്പിച്ച് ബെംഗളൂരുവിന്റെ നീലപ്പട ഇന്ന് ഇറങ്ങും. എ എഫ് സി കപ്പ് ഇന്റർ സോൺ ഫൈനലിൽ തജാകിസ്ഥാൻ ശക്തികളായ ഇസ്റ്റിക് ലോലിനെയാണ് ബെംഗളൂരു ഇന്ന് നേരിടുക. ഇരു പാദങ്ങളായി നടക്കുന്ന ഇന്റർ സോൺ ഫൈനലിന്റെ തജാകിസ്താനിൽ ഉള്ള ആദ്യ പാദമാണ് ഇന്ന് രാത്രി നടക്കുന്നത്.
നോർത്ത് കൊറിയൻ ക്ലബായ ഏപ്രിൽ 25നെ തകർത്താണ് ബെംഗളൂരു ഇന്റർ സോൺ ഫൈനലിലേക്ക് കടന്നത്. മികച്ച ഫോമിലുള്ള ഉദാന്ത സിംഗിന്റേയും ഗോൾ കീപ്പർ ഗുർപ്രീത് സിംഗിന്റേയും മികച്ച പ്രകടനങ്ങളിലാകും ബെംഗളൂരുവിന്റെ പ്രതീക്ഷ. ഒപ്പം ഒരിക്കലും നിറം മങ്ങാത്ത ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഉണ്ട്.
കഴിഞ്ഞ വർഷം എ എഫ് സി ഫൈനലിൽ എത്തിയ ബെംഗളൂരു എഫ് സി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമായി റെക്കോർഡ് ഇട്ടിരുന്നു. ഇത്തവണ കപ്പുയർത്തി ആ റെക്കോർഡിനും അപ്പുറം സഞ്ചരിക്കാനാകും ആൽബർട്ട് റോക്കയും സംഘവും ശ്രമിക്കുക. എന്നാൽ ഇസ്റ്റിക് ലോലിനെ പരാജയപ്പെടുത്തുക അത്രം എളുപ്പമാകില്ല. കഴിഞ്ഞ ആഴ്ച തുടർച്ചയായ നാലാം വർഷവും തജാകിസ്ഥാൻ ലീഗ് കിരീടം ഉറപ്പിച്ച ഇസ്റ്റിക് ലോൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. ഈ ഇന്റർ സോൺ ഫൈനൽ വിജയിക്കുന്നവരുടെ നാട്ടിലാകും ഇത്തവണത്തെ എ എഫ് സി കപ്പ് ഫൈനൽ നടക്കുക. മത്സരം എ എഫ് സിയുടെ ഫേസ്ബുക്ക് പേജിൽ തത്സമയം കാണാം. ജയിച്ചാൽ എ എഫ് സി കപ്പ് ഫൈനലിൽ ബെംഗളൂരു എഫ് സിയെ കാത്തിരിക്കുന്നത് എയർ ഫോഴ്സ് ക്ലബ് ആണ്. ഫൈനലിൽ എത്തിയാൽ കഴിഞ്ഞ വർഷം ഫൈനലിലേറ്റ പരാജയത്തിന് കണക്കു തീർക്കാനുള്ള അവസരം കൂടിയാകും ബെംഗളൂരുവിന്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial