
ഹീറോ ഇന്റർകൊണ്ടിനന്റൽ കപ്പിൽ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇന്ത്യ കെനിയയെ നേരിടും. AFC ഏഷ്യൻ കപ്പിനുള്ള തയ്യാറെടുക്കലിന്റെ ഭാഗമായാണ് ഹീറോ ഇന്റർകൊണ്ടിനന്റൽ കപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ആയതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.
മികച്ച ഫോമിലുള്ള ക്യാപ്റ്റൻ സുനിൽ ഛേത്രിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ ഛേത്രി ഇതുവരെ 6 ഗോളുകൾ ആണ് അടിച്ചു കൂട്ടിയിട്ടുള്ളത്. ഗ്രൂപ്പ് മത്സരത്തിൽ കെനിയയെ 3-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യ ഉള്ളത്. അതേ പ്രകടനം വീണ്ടും പുറത്തെടുക്കാൻ ആവും സ്റ്റിഫാൻ കോൻസ്റ്റന്റെയ്ന്റെ ശ്രമം. ന്യൂസിലാന്റിനെതിരായ മത്സരത്തിൽ നിന്നും കാര്യമായ മാറ്റങ്ങൾ ആദ്യ ഇലവനിൽ ഉണ്ടാവും. പ്രതിരോധ നിരയിൽ മലയാളി താരം അനസ് തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്ന ഗോൾ കീപ്പർ ഗുർപ്രീത് സിങ്ങിന് തന്നെയായിരിക്കും ഗോൾ വല കാക്കാനുള്ള ചുമതല ഏൽപ്പിക്കുക.
ഗ്രൂപ്പ് തലത്തിൽ തോൽപിപ്പിച്ചത് കണക്കിലെടുത്തു കെനിയയെ എഴുതിതള്ളാനാവില്ല. ശക്തരായ ന്യൂസിലന്റിനെ 2-1 എന്ന സ്കോറിൽ കെനിയ ഗ്രൂപ്പ് മത്സരത്തിൽ തോല്പിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ തായ്വാനെ 4-0 എന്ന സ്കോറിന് തറപറ്റിച്ചാണ് കെനിയ ഫൈനൽ കളിക്കാൻ യോഗ്യത നേടിയത്. കെനിയയുടെ കോച് സെബാസ്റ്റിയൻ മിനെയുടെ പ്രതീക്ഷകൾ എല്ലാം സ്ട്രൈക്കർമാരായ ഒവല്ല ഒചേങ്ങിന്റെയും പിസ്റ്റോണ് മുറ്റമ്പയിലുമാണ്.
ഗ്രൂപ്പ് മത്സരത്തിലെ പരാജയത്തിന് കണക്ക് തീർക്കാൻ കെനിയയും സ്വന്തം മണ്ണിൽ, ആർത്തു വിളിക്കുന്ന കാണികൾക്ക് മുന്നിൽ കിരീടം ഉയർത്താൻ ഇന്ത്യയും കച്ചകെട്ടി ഇറങ്ങുമ്പോൾ മുംബൈ ഫുട്ബാൾ അരിനായിൽ മത്സരം പൊടിപാറും. രാത്രി എട്ടിന് മത്സരങ്ങൾ സ്റ്റാർ സെലക്ട് 2 ലും എച്ഡിയിലും കാണാവുന്നതാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial