
അടുത്ത വർഷം ഇന്തോനേഷ്യയിൽ നടക്കുന്ന എ എഫ് സി U19 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് സൗദി അറേബിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 9. 30 നു ദമാമിലെ മൊഹമ്മദ് ബിനു ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം.
ഖത്തറിലെ ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷമാണ് ഇന്ത്യൻ ടീം സൗദിയിലെത്തിയത്. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ടീം എതിരില്ലാത്ത ഒരു ഗോളിന് പരാചയപ്പെട്ടിരുന്നു. മിന്നും താരം ഗോൾ കീപ്പർ ധീരജ് ചുവപ്പ് കാർഡ് കിട്ടി പുറത്തു പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ ഖത്തറിലെ പ്രമുഖ ക്ലബായ അൽ ഖറാഫയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോൽപ്പിച്ച് ഇന്ത്യ ശക്തമായി തിരിച്ചു വരികയായിരുന്നു.
അതേ സമയം യോഗ്യത മത്സരങ്ങൾക്കുള്ള 23 അംഗ ഇന്ത്യൻ ടീമിൽ 9 പേരും മണിപ്പൂരിൽ നിന്നാണ്. ഇന്ത്യയിൽ നടന്ന ഫിഫ u17 വേൾഡ് കപ്പിലും ഇന്ത്യയുടെ ഏക ഗോൾ സ്കോററും ഉൾപ്പെടെ 8 മണിപ്പൂരി താരങ്ങളുണ്ടായിരുന്നു. 13 അണ്ടർ പതിനേഴു ലോകകപ്പ് താരങ്ങളും ഭൂട്ടാനിൽ നടന്ന u19 സാഫ് കപ്പിൽ കളിച്ച 10 താരങ്ങളുമാണ് ടീമിലിടം നേടിയിട്ടുള്ളത്. മലയാളി താരം രാഹുൽ കെപി ടീമിലെ സ്ഥിരസാന്നിധ്യമായി മാറിക്കഴിഞ്ഞു.
നമ്മൾ ഭാവിയിലേക്ക് മികച്ച ഒരു ടീമിനെ വാർത്തെടുക്കയാണെന്നും അതുകൊണ്ട് തന്നെയാണ് അണ്ടർ പതിനേഴു ലോകകപ്പിന്റെ തുടർച്ചയെന്നോളം ഈ മത്സരങ്ങളെ കാണുന്നതെന്നും ഇന്ത്യൻ കോച്ച് നോർട്ടൻ ഡി മറ്റോസ് പറഞ്ഞു. ഏഷ്യയിലെ ഒരു പിടി മികച്ച യൂത്ത് ടീമുകൾക്കെതിരായ മത്സരങ്ങൾ ടീമിന് മുതല്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ ആറിന് യെമെനെതിരെയും എട്ടിന് ഇതേവേദിയിൽ തുർക്മെനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial