ഹ്യൂമേട്ടന്‍ പൂനെയില്‍, ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാര്‍

കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിട പറഞ്ഞ ഇയാന്‍ ഹ്യൂം ഇനി പൂനെ സിറ്റി എഫ് സിയ്ക്കായി ബൂട്ട് കെട്ടും. ഇന്ന് പൂനെ സിറ്റിയാണ് ഹ്യൂമിന്റെ ഔദ്യോഗിക സൈനിംഗ് പുറത്ത് വിട്ടത്. ഇയാന്‍ ഹ്യൂം ഐഎസ്എലില്‍ കളിക്കുന്ന മൂന്നാമത്തെ ടീമാകും എഫ് സി പൂനെ സിറ്റി . നിലവില്‍ ലീഗിലെ ഏറ്റവും അധികം ഗോള്‍ സ്കോര്‍ ചെയ്ത താരമാണ് ഇയാന്‍ ഹ്യൂം.

ഒരു വര്‍ഷത്തെ കരാറിലാണ് ഇപ്പോള്‍ പൂനെ സിറ്റിയുമായി ഹ്യൂം എത്തിയിരിക്കുന്നത്. ഇത് ഒരു വര്‍ഷം കൂടി ദൈര്‍ഘിപ്പിക്കുവാനുള്ള ഉപാധിയോടു കൂടിയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എലില്‍ എത്തിയ ഹ്യൂം പിന്നീട് അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയിലേക്ക് മാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് ഹ്യൂം മടങ്ങിയെത്തി.

28 ഗോളുകളാണ് 59 മത്സരങ്ങളില്‍ നിന്ന് താരം ഇതുവരെ ഐഎസ്എലില്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ രണ്ടാം ഘട്ടത്തില്‍ പരിക്ക് മൂലം ഏറിയ പങ്കും താരത്തിനു നഷ്ടമായിരുന്നു. താരം പൂര്‍ണ്ണമായും ആരോഗ്യവാനല്ലെന്ന കാരണത്താലാണ് കേരള ബ്ലാസ്റ്റേഴ്സ് താരവുമായുള്ള കരാര്‍ പുതുക്കാതിരുന്നതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.

താരം ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസത്തോളം റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും പൂനെ സിറ്റി മെഡിക്കല്‍ ടീമിനു 12-14 ആഴ്ചകളുടെ റീഹാബ് നടപടികളിലൂടെ താരത്തിനു തിരികെ ടീമിനൊപ്പം ചേരാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.