Local Sports News in Malayalam

അപുയിയ മുംബൈ സിറ്റിയിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി

നോർത്ത് ഈസ്റ്റിന്റെ യുവതാരം അപുയിയയെ മുംബൈ സിറ്റി സ്വന്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുംബൈ സിറ്റി നടത്തി. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും വലിയ കരാർ നൽകിയാണ് അപുയിയയെ മുംബൈ സിറ്റി തങ്ങളുടെ ടീമിലേക്ക് എത്തിക്കുന്നത്. അഞ്ചു വർഷത്തേക്ക് ഏകദേശം 11 കോടിയുടെ വേതനം അപുയിയക്ക് ലഭിക്കുന്ന കരാറാണ് മുംബൈ സിറ്റി യുവതാരത്തിന് നൽകിയത്. മുംബൈ സിറ്റി ഇതു കൂടാതെ രണ്ടു കോടിയോളം ട്രാൻസ്ഫർ തുകയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നൽകി.

നോർത്ത് ഈസ്റ്റ് താരത്തെ നിലനിർത്താൻ പരമാവധി ശ്രമിച്ചു എങ്കിലും അപുയിയ നോർത്ത് ഈസ്റ്റ് വാഗ്ദാനം ചെയ്ത കരാർ നിരസിക്കുകയായിരുന്നു. ഇരുപതു കാരനായ താരം 2019 മുതൽ നോർത്ത് ഈസ്റ്റിനൊപ്പം ഉണ്ട്‌. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ ആം ബാൻഡ് അണിഞ്ഞു കൊണ്ട് ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആയി അപുയിയ മാറിയിരുന്നു. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ ആരോസിനായും അപുയിയ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐ എസ് എല്ലിലെ എമേർജിങ് പ്ലയർ പുരസ്കാരം അപുയിയ ആയിരുന്നു സ്വന്തമാക്കിയിരുന്നത്‌

You might also like