സ്റ്റേഡിയം നീല കടലാകും, കളി കാണാൻ എത്തുന്നവർക്ക് താമസം വരെ ഒരുക്കി ആരാധകർ

നാളെ ബാംഗ്ലൂരിൽ ഇന്ത്യൻ നീലപ്പട ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് കിർഗിസ്ഥാനെതിരായി ബൂട്ട് കെട്ടുമ്പോ ആരാധകർ ഒന്നുറപ്പു തരുന്നു, നിറഞ്ഞ ഗ്യാലറി. തൊണ്ട പൊട്ടും ശബ്ദത്തിൽ ചാന്റുമായി നീലക്കടൽ ഇന്ത്യയ്ക്കായ് ഒരുക്കാൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർ തയ്യാറെടുത്തു കഴിഞ്ഞു.

ബെംഗളൂരു എഫ് സിയുടെ വെസ്റ്റ്ബ്ലോക്ക് എന്ന ആരാധക കൂട്ടായ്മയാണ് ഗ്യാലറിയിലേക്ക് ഫുട്ബോൾ ആരാധകരെ എത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇന്ത്യയുടെ കളി കാണാൻ എത്തുന്നവർക്ക് സൗജന്യമായി താമസ സൗകര്യം ഒരുക്കാനും ബെംഗളൂരു എഫ് സി ആരാധകർ ഒരുങ്ങി കഴിഞ്ഞു. #BedsForTravellingFans എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രത്യേക മൂവ്മെന്റ് തന്നെ നടത്തുകയാണ് വെസ്റ്റ് ബ്ലോക്ക് ഇതിനായി.

രാജ്യത്താദ്യമായാണ് ഇങ്ങനെയൊരു പ്രവർത്തനത്തിന് ഫുട്ബോൾ പ്രേമികൾ തയ്യാറാകുന്നത്. മുമ്പ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ ജർമനിയിലെ ഡോർട്മന്റ് ആരാധകർ സമാന രീതിയിൽ ഫുട്ബോൾ ആരാധകർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു.

പക്ഷെ അങ്ങനെയൊരു അപ്രതീക്ഷിത അവസരത്തിലല്ലാതെ ഫുട്ബോളിനെ വളർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇത്തരം ശ്രമങ്ങളുമായി മുന്നോട്ട് വരുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ മനസ്സിലേക്കുള്ള വളർച്ചയാണ് കാണിക്കുന്നത്. ബെംഗളൂരു എഫ് സി ആരാധകരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മ ആയ മഞ്ഞപ്പട ബാംഗ്ലൂർ വിങ്ങും ഈ ശ്രമങ്ങൾക്ക് ഒക്കെ കൂടെയുണ്ട്.

നാളെ രാത്രി ബാംഗ്ലൂരിൽ ഇന്ത്യയ്ക്ക് ഒപ്പം കളിക്കാൻ പന്ത്രണ്ടാമനായി ഗ്യാലറിയും ഉണ്ടാകും. മത്സരം സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. ടിക്കറ്റുകൾക്ക്-

https://in.bookmyshow.com/sports/football/india-vs-kyrgyzstan-afc-asian-cup/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യക്ക് കിർഗിസ്താൻ അഗ്നിപരീക്ഷ
Next articleആരാധകരുടെ താരമാകാൻ വിനീത്, വോട്ട് ചെയ്തു ജയിപ്പിക്കാൻ മലയാളികൾ