
ബെംഗളൂരു സ്റ്റേഡിയത്തിൽ 60 മിനുട്ടുകൾ പിന്നിട്ടിരിക്കുന്നു, കളി രഹിതമായി തന്നെ നിൽക്കുന്നു. ഇന്ത്യം ഗോൾ മുഖത്തേക്ക് കിർഗിസ്ഥാന്റെ തുടരാക്രമണങ്ങൾ. ഇന്ത്യയുടെ റൈറ്റ് ബാക്കിനെ കബളിപ്പിച്ച് ഇസ്രയിലോവ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഷൂട്ട് ചെയ്യാൻ പാകത്തിൽ മുർസേവിന് പന്തു കൈമാറുന്നു. ഷോട്ട് ഉതിർക്കുന്ന മുർസേവിനു നേരെ ഗോൾ ലൈൻ വിട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് കുതിച്ചു. ഷോട്ട് സേവ് ചെയ്തു. പക്ഷെ പന്തു കറങ്ങി തിരിഞ്ഞ് ലക്സിന്റെ കാലിലേക്ക്, ഗോൾ പോസ്റ്റിൽ ഗുർപ്രീതില്ല. ഗോളിയില്ലാ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ടിനു കുറുകെ ജിങ്കനും അനസും ചാടി. ഗോൾ ലൈനിൽ വെച്ച് ഗോളിനേക്കാൾ മനോഹരമായ വിലപിടിപ്പുള്ള രക്ഷപ്പെടുത്തൽ അനസിന്റെ വക.
സുനിൽ ഛേത്രിയുടെ മാജിക് ഗോൾ പിറകെ വന്നെങ്കിലും ഇന്ത്യൻ കളിയിലെ ഏറ്റവും വലിയ നിമിഷം അതായിരുന്നു. ഇന്ത്യൻ മത്സരത്തിൽ മികച്ചു നിന്നത് അനസും ജിങ്കനും ചേർന്നുള്ള ഡിഫൻസ് കൂട്ടുകെട്ടിന്റെ മികവായിരുന്നു. ഐ ലീഗിലെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടിക തന്റെ മികച്ച ഫോം ഇന്ത്യൻ കുപ്പായത്തിലേക്കും കൊണ്ടു വന്നിരിക്കുകയാണ്. അനസും ജിങ്കനും അണിനിരന്ന ഡിഫൻസ് അവസാന മൂന്നു മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടില്ല. തന്റെ ഇന്ത്യൻ ഫുട്ബോൾ കരിയർ തുടങ്ങിയിട്ട് നാലാം മത്സരമായിരുന്നു അനസിന് ഇത്. അർണബ് മൊണ്ടാലിനു പകരം ആദ്യ ഇലവനിൽ എത്തിയ അനസ് തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ തുടർച്ചയായ എട്ടാം വിജയമായിരുന്നു കിർഗിസ്ഥാനെതിരായി വന്നത്. അവസാന ആറു മത്സരങ്ങളിൽ ഇന്ത്യ ഗോൾ വഴങ്ങാത്ത നാലാം മത്സരവും. അവസാന ആറു മത്സരങ്ങളിൽ ഇന്ത്യ വെറും മൂന്നു ഗോളുകളെ വഴങ്ങിയിട്ടുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial