ത്രിരാഷ്ട്ര പോര് ഇന്ന് മുതൽ, ഇന്ത്യൻ നീലപ്പടയ്ക്ക് മുന്നിൽ മൗറീഷ്യസ്

മുംബൈയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിന് ഇന്ന് ആദ്യ വിസിൽ മുഴങ്ങും. ഇന്ത്യ മൗറീഷ്യസ് പോരാട്ടത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. മകോവയ്ക്കെതിരെയുള്ള എ എഫ് സി കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഒരുക്കമായാണ് ഇന്ത്യ ഈ ടൂർണമെന്റിനെ കാണുന്നത്. താരതമ്യേനെ ഇന്ത്യയേക്കാൾ ചെറിയ ശക്തികളാണ് ടൂർണമെന്റിലെ മറ്റു രണ്ടു ടീമുകളായ മൗറീഷ്യസും സെറ്റ് കിറ്റ്സും. അതുകൊണ്ട് തന്നെ ലൈനപ്പിൽ യുവതാരങ്ങളെ പരീക്ഷിച്ചാകും ഇന്ത്യ ഇന്ന് ഇറങ്ങുക.

എ എഫ് സി കപ്പ് മത്സരങ്ങളുള്ളതിനാൽ ബെംഗളൂരു എഫ് സി താരങ്ങളായ സുനിൽ ഛേത്രി, ഉദാന്ത സിങ്ങ്, ഗുർപ്രീത് സിങ് എന്നിവർ ടീമിനൊപ്പം ഇല്ല. ഗുർപ്രീതിനു പകരം മുംബൈ സിറ്റി ഗോൾകീപ്പർ അമ്രീന്ദർ സിങോ സുബ്രതാ പോളോ ഇന്ത്യൻ വല കാക്കാൻ ഇന്ന് ഇറങ്ങിയേക്കും. ഡിഫൻസിൽ ഇന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ ആംബാൻഡ് ധരിക്കുന്ന ജിങ്കനും അനസ് എടത്തൊടികയും തന്നെയാകും ഇറങ്ങുക. ഒപ്പം ജെറിക്കും സലാം രഞ്ജൻ സിങ്ങും എത്താനാണ് സാധ്യത.

യുവ താരങ്ങളായ നിഖിൽ പൂജാരി, ദവീന്ദർ അനിരുദ്ധ് താപ, ജർമൻ പ്രീത്, മൻവീർ സിങ്ങ് എന്നിവർക്ക് ഇന്ന് അവസരം ലഭിച്ചേക്കും. ഛേത്രിയുടെ അഭാവത്തിൽ ബൽവന്ത് സിങ്, റോബിൻ സിങ്, ജെജെ, മൻവീർ എന്നിവരാണ് ഫോർവേഡ് സ്ഥാനത്ത് ഉള്ളത്. സൗഹൃദ മത്സരമായതിനാൽ തന്നെ ആരാധകർ ആഗ്രഹിക്കുന്ന മൻവീർ-ബല്വന്ത് കൂട്ടുകെട്ട് മുൻനിരയിൽ കാണാനും സാധ്യതയുണ്ട്. അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിൽ ഉണ്ടായിരുന്ന 10 താരങ്ങളെ കോൺസ്റ്റന്റൈൻ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.

അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാതെയാണ് മൗറീഷ്യസ് വരുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് കോച്ചായിരുന്ന ബ്രസീലിയൻ ഫ്രാൻസിസ്കോ ഫിലൊ ആണ് മൗറീഷ്യസിന്റെ കോച്ച്. നഷ്ടപ്പെടാൻ ഒന്നുമില്ല എന്നതു കൊണ്ട് തന്നെ ഇന്ത്യൻ ടീമിലെ പരീക്ഷണങ്ങൾ മുതലെടുത്ത് മൗറീഷ്യസിന് അനുകൂലമായ ഫലം ഉണ്ടാക്കുക ആയിരിക്കും ഫ്രാൻസിസ്കോയുടെ ലക്ഷ്യം.

മത്സരം ഇന്ന് രാത്രി 8 മണിക്ക് ആരംഭിക്കും. സ്റ്റാർ ചാനലുകളിലും ഹോട്ട്സ്റ്റാർ ജിയോ ടിവി തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും മത്സരം തത്സമയം കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ജയം തേടി ലിവർപൂൾ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്വാൻസിക്കെതിരെ; ലക്ഷ്യം വിജയം മാത്രം