ട്രാൻസ്റ്റേഡിയ, ഗുജറാത്തിലെ മെഗാ സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

- Advertisement -

ലോക നിലവാരത്തെ വരെ‌ മറികടക്കുന്ന തരത്തിൽ ഒരു സ്റ്റേഡിയം ഗുജറാത്തിൽ ഒരുങ്ങാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. അഹമ്മദാബാദിലുള്ള ട്രാൻസ്റ്റേഡിയ. 2016 കബഡി ലോകകപ്പിനു വേണ്ടി ട്രാൻസ്റ്റേഡിയ മുമ്പ് തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും സ്റ്റേഡിയത്തിന്റെ പൂർണ്ണതോതിലുള്ള ഉദ്ഘാടനം ജൂൺ 30ന് ആണ് നടക്കാൻ പോകുന്നത്. ഗുജറാത്തിന്റെ സ്പോർട്സ് ഫെസ്റ്റിവലായ ഖേൽകുംഭയ്ക്ക് വേദിയായിക്കൊണ്ടാണ് ട്രാൻസ്റ്റേഡിയ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ട്രാൻസ്റ്റേഡിയ ഉദ്ഘാടനം ചെയ്യുക. വിവിധ കായിക ഇനങ്ങൾക്ക് വേദിയാകാൻ കഴിവുള്ള ട്രാൻസ്റ്റേഡിയയിലെ പ്രധാന ആകർഷണം ഒത്തനടുവിലുള്ള സുന്ദരൻ ഫുട്ബോൾ സ്റ്റേഡിയം ആണ്. 20000 പേർക്ക് കളികാണാൻ സൗകര്യമുള്ള ഫുട്ബോൾ സ്റ്റേഡിയം ഭാവിയിൽ ഇന്ത്യൻ ഇന്റർനാഷണൽ മത്സരങ്ങളുടെ സ്ഥിരം വേദിയായി മാറും. വരാനിരിക്കുന്ന ഇന്ത്യ-ഫലസ്ഥീൻ സൗഹൃദ മത്സരം അഹമ്മദാബാദിലെ ഈ സ്റ്റേഡിയത്തിലാകും നടക്കുക.

ഇന്ത്യൻ ഗവൺമെന്റും പ്രൈവറ്റ് കമ്പനിയായ ട്രാൻസ്റ്റേഡിയയും സംയുക്തമായാണ് ഈ സ്റ്റേഡിയം ഒരുക്കുന്നത്. ഇൻഡോർ സ്റ്റേഡിയങ്ങളും 150 മുറികളുള്ള ഫോർ സ്റ്റാർ ഹോട്ടലും തുടങ്ങി ട്രാൻസ്റ്റേഡിയയിൽ വിശേഷങ്ങൾ ധാരാളമാണ്. ഇന്ത്യയിൽ അടുത്ത അഞ്ചു വർഷങ്ങളിൽ പന്ത്രണ്ടോളം സമാന പദ്ധതികളുമായി വരാനാണ് ട്രാൻസ്റ്റേഡിയയുടെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement