ഇന്ത്യയുടെ അഭിമാനം സുനിൽ ഛേത്രിക്ക് ഇന്ന് നൂറാം അങ്കം!!!

- Advertisement -

ഇന്ന് മുംബൈ ഫുട്ബോൾ അറീന സാക്ഷിയാകാൻ പോകുന്നത് ചരിത്ര നിമിഷത്തിനാണ്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ നൂറാം മത്സരമാണ് ഇന്ന് മുംബൈയിൽ നടക്കുന്നത്. 2005ൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ അരങ്ങേറിയ ഛേത്രി ഇന്ന് കെനിയക്കെതിരെ കളിക്കുന്നതോടെ ഇന്ത്യൻ കുപ്പായത്തിൽ 100 മത്സരങ്ങൾ തികയ്ക്കും.

ബെയ്ചുങ് ബൂട്ടിയ മാത്രമാണ് ഇന്ത്യൻ കുപ്പായത്തിൽ ഇതിനു മുമ്പ് 100 എന്ന സംഖ്യയിൽ എത്തിയിട്ടുള്ളത്. 107 മത്സരങ്ങൾ ഇന്ത്യക്കായി ബൂട്ടിയ കളിച്ചു എങ്കിലും അതിൽ 11 മത്സരങ്ങൾ പ്രായപരിധികൾ ഉള്ള ഇന്ത്യൻ ടീമിന് വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ഛേത്രിയുടെ ഈ നൂറാം മത്സരം ശരിക്കും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ 100 ആണ്.

കഴിഞ്ഞ മത്സരത്തിൽ തായ്‌വാനോട് നേടിയ ഹാട്രിക്കോടെ 59 ഗോളുകളിൽ എത്തിയ ഛേത്രി ആ ഗോൾ സ്കോറിംഗ് മുന്നോട്ടേക്ക് കൊണ്ടുപോകാൻ തന്നെയാകും ഇന്നും നോക്കുക. നാൽപ്പത് രാജ്യങ്ങൾക്കെതിരെ ഛേത്രി ഇന്ത്യൻ ജേഴ്സി അണിഞ്ഞ് കളിച്ചു. അതിൽ 25 രാജ്യങ്ങൾക്ക് എതിരെയും ഛേത്രി ഗോളും കണ്ടെത്തി. നേപ്പാളിനെതിരെ ആണ് ഛേത്രി കൂടുതൽ മത്സരങ്ങൾ കളിച്ചത്. 8 മത്സരങ്ങൾ. ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചത് മാൽഡീവ്സിനും തായ്വാനും എതിരെയും. ഇരു രാജ്യങ്ങൾക്ക് എതിരായും 6 ഗോളുകൾ വീതം ഛേത്രി നേടിയിട്ടുണ്ട്.

ഛേത്രിയുടെ നൂറാം മത്സരം കാണാൻ നിറഞ്ഞ ഗ്യാലറിയാണ് ഇന്ന് മുംബൈയിൽ പ്രതീക്ഷിക്കുന്നത്. ഛേത്രി കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ എത്താൻ വേണ്ടി നടത്തിയ അഭ്യർത്ഥന ഫുട്ബോൾ ആരാധകർ ഏറ്റെടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement