സാഫ് കപ്പ്, നേപ്പാളിനേയും വീഴ്ത്തി ഇന്ത്യൻ കുട്ടികൾ സെമിയിൽ

- Advertisement -

അണ്ടർ 15 സാഫ് കപ്പിൽ ആതിഥേയരായ നേപ്പാളിനേയും തകർത്തു കൊണ്ട് ഇന്ത്യൻ കുട്ടികൾ സെമിയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യൻ കുട്ടികളുടെ വിജയം. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിലേക്ക് കടന്നു. ആദ്യ മത്സരത്തിൽ മാലിദ്വീപിനെ ഇന്ത്യ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

നേപ്പാളിന്റെ തട്ടകമായിട്ടും മികച്ച രീതിയിലാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്‌. മാലിദ്വീപിനെതിരെ ഇരട്ട ഗോളുകളുമായി തിളങ്ങിയ വിക്രം സിങ്ങാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം ലീഡ് നേടികൊടുത്തത്. 26ാം മിനുട്ടിലായിരുന്നു ഗോൾ. നാൽപ്പതാം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിലൂടെ റോഷൻ നേപ്പാളിന് സമനില നേടികൊടുത്തു. പെനാൾട്ടി ഇന്ത്യൻ കീപ്പർ ജോങ്തെ രക്ഷപ്പെടുത്തി എങ്കിലും റീബൗണ്ടിൽ ഗോളാവുക ആയിരുന്നു.

രണ്ടാം പകുതിയിൽ 65ാം മിനുട്ടിൽ കഴിഞ്ഞ കളിയിലെ ഹീറോ രവി ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. ലീഡ് നേടിയ ഇന്ത്യ മികച്ച ഡിഫൻഡിംഗിലൂടെ വിജയം സ്വന്തമാക്കുക ആയിരുന്നു.

പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി നേപ്പാളും സെമിയിലേക്ക് കടന്നു. ഓഗസ്റ്റ് 25ന് നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കരായ ഭൂട്ടാനെയും , നേപ്പാൾ ബംഗ്ലാദേശിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement