സാഫ് കീഴടക്കി ഇന്ത്യ കുട്ടികൾ

- Advertisement -

സാഫ് അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ നേപ്പാളിനെ തകർത്ത് ഇന്ത്യൻ കുട്ടികൾക്ക് കിരീടം. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചു വന്നായിരുന്നു ഇന്ത്യൻ വിജയം. കഴിഞ്ഞ തവണ ഫൈനലിൽ നഷ്ടപ്പെട്ട കിരീടമാണ് ഇന്ത്യ ഇന്ന് തിരിച്ചു പിടിച്ചത്. ഇന്ത്യയുടെ രണ്ടാം സാഫ് അണ്ടർ 15 കിരീടമാണിത്. 2013ലും നേപ്പാളിനെ ഫൈനലിൽ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ഫൈനലിന് ഇറങ്ങി ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. നാൽപ്പതാം മിനുട്ടിൽ ഇന്ത്യ വഴങ്ങിയ പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ച് നേപ്പാൾ ഒരു ഗോളിന് മുന്നിലെത്തി. പക്ഷെ നേപ്പാളിന് കിട്ടിയ ഗ്യാലറിയുടെ പിന്തുണയും മറികടന്ന് ഇന്ത്യ രണ്ടാം പകുതിയിൽ തിരിച്ചുവന്നു. ലാൽറൊകിമയാണ് അമ്പത്തിയെട്ടാം മിനുട്ടിൽ ഇന്ത്യയ്ക്ക് സമനില നേടികൊടുത്തത്.

74ആം മിനുട്ടിൽ ഇന്ത്യയുടെ ടൂർണമെന്റിലെ സ്റ്റാർ പ്ലയർ വിക്രം സിംഗ് മികച്ച ഫിനിഷിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. വിക്രം സിംഗിന്റെ ടൂർണമെന്റിലെ അഞ്ചാം ഗോളായിരുന്നു ഇത്. ഈ ഗോളോടെ ബംഗ്ലാദേശിന്റെ ഫൊയ്സൽ അഹമദിനൊപ്പം ടൂർണമെന്റിലെ ടോപ് സ്കോററായി വിക്രം സിംഗ്.

 

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement