
ഖത്തറിലെ അൽ ഖരാഫ അണ്ടർ 19 ടീമിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് മിന്നും ജയം. എ.എഫ്.സി ചാംപ്യൻഷിപ്പിനുള്ള യോഗ്യതക്കായുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിലാണ് ഇന്ത്യൻ ടീം മികച്ച ജയം കൈവരിച്ചത്. ഇന്ത്യക്ക് വേണ്ടി റഹിം അലി രണ്ട് ഗോൾ നേടിയപ്പോൾ മൂന്നാമത്തെ ഗോൾ പ്രിൻസിങ്ടൺ നേടി.
തുടക്കം മുതൽ അൽ ഖരാഫ ടീമിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്. റഹിം അലിയും അഭിഷേഖ് ഹൽദാറും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാൻ ഇന്ത്യക്കായില്ല. ആദ്യ പകുതി അവസാനിക്കാൻ ഇരിക്കെ ഇന്ത്യയാണ് റഹിം അലിയുടെ ആദ്യ ഗോൾ നേടിയത്. പക്ഷെ തൊട്ടടുത്ത മിനുറ്റിൽ തന്നെ അൽ ഖരാഫ ഗോൾ മടക്കി മത്സരം സമനിലയിലാക്കി. ആദ്യ പകുതി സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റഹീം അലി രണ്ടാമത്തെ ഗോളിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ബൂട്ട് കെട്ടിയ മലയാളി താരം രാഹുലിനെ ഇറക്കിയാണ് ഇന്ത്യ രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം പകുതിയിലും റഹിം അലി അൽ ഖരാഫ ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഹാട്രിക്കിന് ആവശ്യമായ മൂന്നാമത്തെ ഗോൾ നേടാനായില്ല. തുടർന്നാണ് പ്രിൻസിങ്ടൺ വിജയമുറപ്പിച്ച ഇന്ത്യയും മൂന്നാമത്തെ ഗോൾ നേടിയത്. തുടർന്ന് അൽ ഖരാഫ ടീമിന് കാര്യാമായ അവസരങ്ങൾ നൽകാതെ ഇന്ത്യ മത്സരം പൂർത്തിയാകുകയായിരുന്നു
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial