ഇന്ത്യൻ ജേഴ്സിക്ക് കാത്തുനിന്നവരെ‌ ഞെട്ടിച്ച വില, ജേഴ്സി ഒന്നിന് 4695രൂപ!

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നൈകി ഡിസൈൻ ചെയ്ത പുതിയ ജേഴ്സിക്കായി ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും നൈക്കിക്കും മേലെ സമ്മർദ്ദം ചെലുത്തിയ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ തേടി ജേഴ്സി എത്തി. ജേഴ്സി എത്തിയല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. ആശ്വസിക്കാനുള്ള വാർത്തയല്ല. നൈകി വിപണിയിൽ ഇറക്കിയിരിക്കുന്ന ജേഴ്സി ഒന്നിനു വില 4695രൂപ!!!

സാധാരണക്കാരനായ ഫുട്ബോൾ ആരാധകന് താങ്ങാൻ കഴിയാത്ത അത്ര വിലയാണ് നൈകി ജേഴ്സിക്കായി ഇട്ടിരിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ വരുന്നതിനു മുന്നെ ജേഴ്സി സ്വന്തമാക്കണമെന്നും അതണിഞ്ഞ് ഇന്ത്യൻ ടീമിന് ഗ്യാലറിയിൽ നീലപ്പടയായി പിന്തുണ നൽകണമെന്നും ആഗ്രഹിച്ച ബഹുഭൂരിപക്ഷത്തിനും ഈ ജേഴ്സി വില നിരാശയാണ് നൽകുന്നത്.

 

അവസാനം 2011ൽ നൈകി ഇന്ത്യൻ ജേഴ്സി വിപണിയിൽ എത്തിച്ചപ്പോൾ ആയിരം രൂപയായിരുന്നു വില. ഇന്ത്യൻ ഫുട്ബോൾ മികച്ച നിലയ്ക്ക് മുന്നേറുന്നതും ഇന്ത്യൻ ഫുട്ബോളിന് പിന്തുണയേറുന്നതും കണ്ട് അത് മുതലെടുക്കാനാണ് നൈകി ഇത്ര വലിയ തുക ഇട്ടത് എന്നാണ് ഫുട്ബോൾ ആരാധകർ പറയുന്നത്. ഫിഫാ റാങ്കിംഗിനനുസരിച്ചാണോ വില തീരുമാനിക്കുന്നത് എന്നും ആരാധകർ അധികൃതരോടു ചോദിക്കുന്നു. ഇത്രയും വിലകൊടുത്ത് ജേഴ്സി വാങ്ങുന്നതിന് പകരം വല്ല നീല ടീഷർട്ടും വാങ്ങിയണിഞ്ഞ് ഇന്ത്യക്ക് പിന്തുണയേകിക്കോളാം എന്നാണ് ഫുട്ബോൾ പ്രേമികളുടെ തീരുമാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്കും വിലക്കും വിടാതെ പിന്തുടരുന്നു ശ്രീലങ്കയെ
Next articleവിദേശ മാര്‍ക്കീ താരങ്ങള്‍ക്ക് ടീമുകളായി