ഈസ്റ്റ് ബംഗാളിൽ തകർപ്പൻ പ്രകടനങ്ങളുമായി മലയാളികൾ

- Advertisement -

ഈസ്റ്റ് ബംഗാളിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരങ്ങൾ. പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴിൽ സീസണിലെ ആദ്യ സൗഹൃദ മത്സരത്തിന് ഇറങ്ങിയ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് കലിഘട്ടിനെ പരാജയപ്പെടുത്തിയപ്പോൾ തിളങ്ങിയത് മലയാളി ത്രയങ്ങൾ. മുൻ ഗോകുലം എഫ് സി സ്ട്രൈക്കറായ വി പി സുഹൈർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജോബി ജസ്റ്റിൻ കൊൽക്കത്തയിലെ അരങ്ങേറ്റം ഗോളോടെയാക്കി. ഗോൾ വല കാക്കാൻ ഇറങ്ങിയ കാസർഗോഡ് സ്വദേശി മിർഷാദും നിരാശപ്പെടുത്തിയില്ല. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റ്.

ഖാലിദ് ജമീലിന്റെ കൂടെ ഐസോളിൽ ഉണ്ടായിരുന്ന ആമ്നയാണ് ഈസ്റ്റ് ബംഗാളിനെ തുടക്കത്തിൽ പെനാൾട്ടിയിലൂടെ മുന്നിലെത്തിച്ചത്. പിന്നീട് ജോബി ജസ്റ്റിനും വി പി സുഹൈറും ആദ്യ പകുതിയിൽ തന്നെ ലക്ഷ്യം കണ്ടപ്പോൾ സ്കോർ 3-0. രണ്ടാം പകുതിയിൽ സുഹൈർ തന്റെ ഗോൾ ടാലി രണ്ടാക്കി ഉയർത്തി.

കഴിഞ്ഞ മാസമാണ് മൂന്നു മലയാളി താരങ്ങളും ഈസ്റ്റ് ബംഗാളിൽ എത്തിയത്. മിർഷാദും വി പി സുഹൈറും കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ ഗോകുലം എഫ് സിയുടെ ജേഴ്സിയിലായിരുന്നു. സന്തോഷ് ട്രോഫി മുതൽ മികച്ച പ്രകടനങ്ങളുമായി മുന്നേറുന്ന ജോബി ജസ്റ്റിൻ കെ എസ് ഇ ബി താരമായിരുന്നു. കേരള പ്രീമിയർ ലീഗിൽ കെ എസ് ഇ ബിയെ കിരീടം ചൂടിക്കുന്നതിൽ പ്രധാന പങ്ക് ഈ സ്ട്രൈക്കർക്കായിരുന്നു. കൊൽക്കത്താ ലീഗ് ആരംഭിക്കാനിരിക്കെ നടത്തിയ മികച്ച പ്രകടനം മൂവരേയും ഈസ്റ്റ്ബംഗാൾ സ്റ്റാർട്ടിംഗ് ലൈനപ്പിൽ കാണാൻ സഹായിക്കും എന്നാണ് കേരള ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement