ഫുട്ബോൾ ചരിത്രത്തിലേക്ക് ഇനി രണ്ടു ചുവടിന്റെ ദൂരം മാത്രം

- Advertisement -

ഇന്ത്യൻ ഫുട്ബോളിന് റാങ്കിംഗിലെ എക്കാലത്തേയും മികച്ച സ്ഥാനത്തെത്താൻ ഇനി രണ്ടേ രണ്ട് സ്ഥാനങ്ങളുടെ ദൂരമേയുള്ളൂ. ഇന്നലെ വന്ന റാങ്കിംഗ് ഇന്ത്യയെ നമ്മുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥാനത്തേക്കാണ് എത്തിച്ചിരിക്കുന്നത്. 96ാം സ്ഥാനം. 1996 ഫെബ്രുവരിയിൽ നേടിയ 94ാം റാങ്കാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കിംഗ്. അത് വരും ദിവസങ്ങളിൽ തന്നെ മറികടക്കാൻ ആകുമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ.

മകാവോയുമായുള്ള ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങളും ഫലസ്തീനെതിരായ സൗഹൃദ മത്സരവും കഴിയുമ്പോഴേക്ക് ഇന്ത്യ ചരിത്ര റാങ്കിംഗിൽ എത്താനാണ് സാധ്യത. അവസാന രണ്ടു വർഷങ്ങളിൽ 77 സ്ഥാനങ്ങളാണ് ഇന്ത്യ റാങ്കിംഗിൽ മെച്ചപ്പെടുത്തിയത്. കോച്ച് കോൺസ്റ്റന്റൈൻ സ്ഥാനമേറ്റെടുക്കുമ്പോൾ 171ാം സ്ഥാനത്തായിരുന്നു ഇന്ത്യ. കോൺസ്റ്റന്റൈനു കീഴിയിൽ പരാജയമറിയാതെ മുന്നേറുകയാണ് ഇന്ത്യ.

അവസാന 15 മത്സരങ്ങളിൽ 13ലും ഇന്ത്യ വിജയിച്ചു. എങ്കിലും ഈ റാങ്കിംഗ് കണ്ട് സമാധാനിക്കാൻ കോൺസ്റ്റന്റൈൻ ഒരുക്കമല്ല. ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് യോഗ്യതയാണ് ആദ്യം കോൺസ്റ്റന്റൈൻ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ റാങ്കിംഗ് നേട്ടത്തെ കുറിച്ച് താരങ്ങളും പ്രതികരിച്ചു. മലയാളി താരം അനസ് എടത്തൊടിക പറഞ്ഞത് “ഇത് ആരാധകരുടെ പ്രാർത്ഥനയും കളിക്കാരുടെ പ്രയത്നവും ഒരുമിച്ചതിന്റെ ഫലമാണ്” എന്നായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement