സാഫ് കപ്പ്; മാലിദ്വീപിനെ ഗോളിൽ മുക്കി ഇന്ത്യൻ കുട്ടികൾ

അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യൻ കുട്ടികൾക്ക് ഗംഭീര തുടക്കം. നേപ്പാളിൽ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മാലി ദ്വീപ് ഗോൾ വല നിറച്ചുകൊണ്ടാണ് ഇന്ത്യൻ ടീം കിരീടത്തിനായുള്ള കുതിപ്പ് തുടങ്ങിയത്. എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഹാട്രിക്കുമായി രവി കളിയിലെ താരമായി.

20ാം മിനുട്ടിൽ ബെക്കിയുടെ ക്രോസിൽ നിന്നൊരു ടാപിൻ ഫിനിഷിലൂടെ ആയിരുന്നു രവി ഇന്ത്യയുടെ ആദ്യ ഗോൾ കണ്ടെത്തിയത്. ആദ്യ ഗോൾ വീണതിനു ശേഷം കളി മാലിദ്വീപ് കൈ വിടുകയായിരുന്നു. 23ാം മിനുട്ടിൽ ഒരു ഓൺ ഗോൾ ലീഡ് ഡബിളാക്കി ഉയർത്തി. 26ാം മിനുട്ടിൽ തന്റെ രണ്ടാം ഗോളുമായി വീണ്ടും രവിയെത്തി. 40ാം മിനുട്ടിൽ തൊയിബയുടെ ഗോൾ കൂടെ വന്നതോടെ ആദ്യ പകുതിയിൽ തന്നെ ഇന്ത്യയ്ക്ക് 4 ഗോൾ ലീഡ്.

രണ്ടാം പകുതിയിലും ഇന്ത്യ യാതൊരു ദയയും മാലിയോടു കാണിച്ചില്ല. 48ാം മിനുട്ടിൽ തന്നെ രവി തന്റെ ഹാട്രിക്ക് തികച്ചു. 57ാം മിനുട്ടിൽ റിക്കിയിലൂടെ ഇന്ത്യ സ്കോർ 6-0 എന്നാക്കി. 70ാം മിനുട്ടിൽ വിക്രമും 80ാം മിനുട്ടിൽ ലാൽറൊകിമയും ഇന്ത്യയെ 8-0 എന്ന സ്കോറിൽ എത്തിച്ചു. അവസാന നിമിഷം മറ്റൊരു ഓൺ ഗോൾ കൂടെ വഴങ്ങിയ മാലിദ്വീപ് 9-0 എന്ന വമ്പൻ പരാജയം തന്നെ ഏറ്റുവാങ്ങേണ്ടി വന്നു.

ആതിഥേയരായ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവന്റെസിന് ആര് മണി കെട്ടും? സീരി എക്ക് ഇന്ന് തുടക്കം
Next articleധാക്ക ടെസ്റ്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്