
ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് സിംഗുകളുടെ മികവിൽ തിരിച്ചടിച്ച് ജയിച്ച് ഇന്ത്യ. മുംബൈയിൽ ഇന്നാരംഭിച്ച ത്രിരാഷ്ട്ര ടൂർണമെന്റിലാണ് ഇന്ത്യൻ ടീം വിജയത്തോടെ തുടങ്ങിയത്. മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. റോബിൻ സിംഗും ബൽവന്ത് സിംഗുമാണ് ഇന്ത്യൻ തിരിച്ചുവരവിന് ബലമായത്. ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാ വിജയമാണിത്.
ജിങ്കന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിന് മികച്ച രീതിയിൽ തുടങ്ങാനായില്ല. ഇന്ത്യ താളം കണ്ടെത്താൻ വിഷമിക്കുന്നത് മുതലെടുത്ത് 15ാം മിനുട്ടിൽ മൗറീഷ്യസ് മുംബൈ അരീനയിൽ ലീഡെടുത്തു. മെർവിനാണ് സുബ്രതാ പാളിനെ കീഴടക്കികൊണ്ട് ഇന്ത്യയെ ഞെട്ടിച്ചത്. അവസാന മൂന്നു മത്സരങ്ങളിലും ഇന്ത്യൻ ഡിഫൻസ് ഗോൾ വഴങ്ങിയിരുന്നില്ല. പിറകിലായതിനു ശേഷം ഉണർന്നു കളിച്ച ഇന്ത്യ 37ാം മിനുട്ടിൽ സമനില ഗോൾ നേടി. റൗളിംഗ് ബോർജസിന്റെ ഗ്രൗണ്ടർ പാസ് സ്വീകരിച്ച് റോബിൻ സിങ്ങ് തൊടുത്ത ഇടം കാലൻ ഷോട്ടാണ് ഇന്ത്യയ്ക്ക് സമനില നേടി കൊടുത്തത്.
2015ൽ ശ്രീലങ്കയ്ക്കെതിരെ ഗോൾ നേടിയതിനു ശേഷം ആദ്യമായാണ് റോബിൻ സിങ് ഇന്ത്യയ്ക്കു വേണ്ടി ലക്ഷ്യം കാണുന്നത്. രണ്ടാം പകുതിയിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഗോൾ സ്കോറർ റോബിൻ സിങ്ങ്, ജാക്കിചന്ദ് സിങ്, സുബ്രതാ പോൾ എന്നിവർക്കു പകരം ബല്വന്ത് സിങ്ങ്, നിഖിൽ പൂജാരി, അമ്രീന്ദർ സിംഗ് എന്നിവർ രണ്ടാം പകുതിയിൽ ഇറങ്ങി. കോൺസ്റ്റന്റൈൻ സബ്സ്റ്റിട്യൂഷൻ ഇന്ത്യയ്ക്കു ഗുണം ചെയ്യുക ആയിരുന്നു. 62ാം മിനുട്ടിൽ ജെജെ നൽകിയ മനോഹരമായ ഫ്ലിക്ക് പാസ് സ്വീകരിച്ച് ബൽവന്ത് സിംഗ് ഇന്ത്യയ്ക്ക് അർഹിച്ച ലീഡ് നൽകി. പരിക്ക് കാരണം പല തവണ കരിയറിൽ പിറകോട്ടു പോകേണ്ടി വന്ന ബൽവന്തിന് വലിയ ആശ്വാസമാകും ഇന്നത്തെ വിജയ ഗോൾ.
ഇന്ത്യയുടെ ആദ്യ ഗോൾ നേടിയ റോബിൻ സിങ്ങാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്. ത്രിരാഷ്ട്ര ടൂർണമെന്റിലെ രണ്ടാം മത്സരം ഓഗസ്റ്റ് 22ന് സെന്റ് കൈറ്റ്സും മൗറീഷ്യസും തമ്മിൽ നടക്കും. ഇന്ത്യയുടെ രണ്ടാം മത്സരം ഓഗസ്റ്റ് 24നാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial