
എ എഫ് സി യോഗ്യത മത്സരങ്ങൾക്ക് മുൻപുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് അയൽക്കാരായ നേപ്പാളിനെ നേരിടും. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7 മണിക്ക് മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം. ജൂൺ 13നു കിർഗിസ്താനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ യോഗ്യതക്കായുള്ള മത്സരത്തിന് മുൻപ് മികച്ചൊരു പരിശീലന മത്സരമാവും ഇന്ത്യക്കിത്. ലെബനോനുമായാണ് ആദ്യ മത്സരം നിശ്ചയിച്ചതെങ്കിലും വിസ പ്രശ്നങ്ങളെ തുടർന്ന് ലെബനോൻ പിന്മാറിയതിനെ തുടർന്ന് നേപ്പാളുമായി മത്സരം നിശ്ചയിക്കുകയായിരുന്നു. അവസാനം കളിച്ച മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഗോളിൽ മ്യാന്മാറിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുക.
ഇന്ന് നടക്കുന്ന മത്സരത്തിന്റെ ഫലം ഇന്ത്യക്കു പ്രാധാന്യമുള്ളത് അല്ലെങ്കിലും കിർഗിസ്താനെതിരെയുള്ള മത്സരത്തിന് ടീമിനെ തയ്യാറാക്കി നിർത്തുക എന്നതാണ് ഇന്നത്തെ മത്സരം കൊണ്ട് കോച്ച് കോൺസ്റ്റന്റൈൻ ഉദ്ദേശിക്കുന്നത്. 20 വർഷത്തിനിടെ ആദ്യമായി ഫിഫ റാങ്കിങ്ങിൽ 100ആം സ്ഥാനത് എത്തിയ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ റാങ്കിങ്ങിൽ 100ആം റാങ്ക് നിലനിർത്തിയിരുന്നു. അവസാനം കളിച്ച 13 മത്സരങ്ങളിൽ 11ഉം ജയിച്ചാണ് ഇന്ത്യയുടെ വരവ്. ഈ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യക്ക് ആദ്യ 100 റാങ്കിങ്ങിൽ ഇടം നേടാനായത്.
നിർണായക മത്സരങ്ങളിൽ ഗോൾ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ജെജെയും ഛേത്രിയും ഇന്ത്യയുടെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകും. അതെ സമയം ഛേത്രിക്ക് വിശ്രമം അനുവദിച്ച് ഈസ്റ്റ് ബംഗാൾ മുന്നേറ്റ താരം റോബിൻ സിംഗിനെ മുന്നേറ്റനിരയിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. മ്യാന്മാറിനെതിരെ മധ്യ നിരയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം ഷില്ലോങ് ലജോങിന്റെ മിഡ്ഫീൽഡർ ഇസാക് വൻലാൽസൗമ ടീമിൽ ഇടം നേടിയേക്കും. പ്രധിരോധ നിരയിൽ മലയാളികളുടെ അഭിമാന താരം അനസ് എടത്തൊടികക്കു ഒപ്പം സന്തോഷ് ജിങ്കനും ചേരും. ഗോൾ പോസ്റ്റിനു മുൻപിൽ ഗുർപ്രീത് സിംഗിന്റെ സാനിധ്യവും ഇന്ത്യക്ക് തുണയാകും. കോൺസ്റ്റന്റൈൻ നേപ്പാളിനെതിരെ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നാണ് കരുതപ്പെടുന്നത്. പരിക്ക് മൂലം ഉദന്ത സിംഗിന്റെ സേവനം ഇന്ത്യക്ക് ഇന്ന് നഷ്ട്ടമാകും. മലയാളി തരാം വിനീതിന്റെ സേവനവും ഇന്ന് ഇന്ത്യക്ക് നഷ്ട്ടമാകും.
അവസാനമായി ഇരു ടീമുകളും പരസ്പരം മത്സരിച്ചത് സാഫ് ചാംപ്യൻഷിപ് കപ്പിൽ തിരുവനന്തപുരത്ത് വെച്ചാണ്. അന്നത്തെ മത്സരത്തിൽ 4 – 1 ഇന്ത്യ നേപ്പാളിനെ തകർത്തിരുന്നു. അന്നത്തെ ഇന്ത്യയുടെ ഫിഫ റാങ്കിങ് 177 ആയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial