
എ എഫ് സി അണ്ടർ 23 ചാംപ്യൻഷിപ്പിനുള്ള യോഗ്യത മത്സരത്തിൽ തുർക്ക്മെനിസ്താനെതിരെ ഇന്ത്യക്ക് ഗംഭീര വിജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ഇന്ത്യ 3 – 1 ന് തുർക്ക്മെനിസ്താനെ തകർത്തത്. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യ ആദ്യമേ എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.
പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് കിട്ടിയ ഫ്രീ കിക്ക് വലയിലെത്തിച്ച് തുർക്ക്മെനിസ്താൻ ആദ്യം ഇന്ത്യയെ ഞെട്ടിച്ചു. പതുകെ മത്സരത്തിലേക്ക് തിരിച്ച് വന്ന ഇന്ത്യ മൻവീറിലൂടെ സമനില നേടുകയായിരുന്നു. തുടർന്ന് അലെൻ ഡിയോറിയിലൂടെ ലീഡ് നേടി ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. തുർക്ക്മെനിസ്താൻ ഗോൾ കീപ്പറുടെ പിഴവിൽ നിന്നായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ഗോൾ.
മത്സരത്തിൽ പിറകിലായ തുർക്ക്മെനിസ്താൻ താരങ്ങൾ പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ റഫറിക്ക് പല തവണ മഞ്ഞ കാർഡ് കാണിക്കേണ്ടി വന്നു. കളിയുടെ അവസാന ഘട്ടങ്ങളിൽ ജെറിയുടെ പെനാൽറ്റി ഗോളിലൂടെ ഇന്ത്യ ഗോൾ പട്ടിക പൂർത്തിയാക്കി മത്സരത്തിൽ വിജയമുറപ്പിച്ചു.
യോഗ്യത നേടാതെ പുറത്തായെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ ഖത്തർ വിടുന്നത്. ആദ്യ മത്സരത്തിൽ സിറിയയോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാമത്തെ മത്സരത്തിൽ ഖത്തറിനെതിരെ പൊരുതി നിന്നതിനു ശേഷമാണ് ഒരു ഗോളിന് തോൽവി സമ്മതിച്ചത്. പരാജയപ്പെട്ട രണ്ട് മത്സരത്തിലും വരുത്തിയ ചെറിയ പിഴവുകളാണ് ഇന്ത്യക്ക് വിനയായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial