ജിങ്കനും ജെജെയും തിളങ്ങി, നേപ്പാളിനെ തകർത്തെറിഞ്ഞ് ഇന്ത്യ

- Advertisement -

നേപ്പാളിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് ജയം. 2 – 0 നാണ് മുംബൈ സ്പോർട്സ് അറീനയിൽ ഇന്ത്യ നേപ്പാളിനെ തകർത്തത്. ഇന്ത്യക്കു വേണ്ടി സന്തോഷ് ജിങ്കനും ജെജെയും ഗോൾ നേടി. 68ആം മിനുട്ടിൽ നേപ്പാൾ ക്യാപ്റ്റൻ ബിരാജ് മഹാരാജൻ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതോടെ 10 പേരുമായാണ് നേപ്പാൾ മത്സരം പൂർത്തിയാക്കിയത്. ഇത്  ഇന്ത്യയുടെ തുടർച്ചയായ ഏഴാമത്തെ വിജയമായിരുന്നു .

ആദ്യ പകുതിയിൽ കാര്യമായ ആക്രമണങ്ങൾ നടത്താൻ ഇന്ത്യൻ മുന്നേറ്റ നിരക്കായില്ല . മുന്നേറ്റ നിരയിൽ ഛേത്രിയുടെയും വിനീതിന്റേയും കുറവ് ആദ്യ പകുതിയിൽ ഇന്ത്യക്ക് അനുഭവപെട്ടു . അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും റോബിൻ സിങ്ങിനും സംഘത്തിനും അത് മുതലെടുക്കാനായില്ല. നേപ്പാൾ കൌണ്ടർ അറ്റാക്കിങ് ഫുട്ബോളിനെ മാത്രം ആശ്രയിച്ചാണ് ആദ്യ പകുതി കളിച്ചത്.  ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നേപ്പാളിന്‌ കിട്ടിയ സുവർണാവസരം നവയുഗ ശ്രേഷ്ഠ കളഞ്ഞു കുളിച്ചു. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ തെറ്റായ തീരുമാനത്തിൽ ഒഴിഞ്ഞ ഗോൾ പോസ്റ്റിനു മുൻപിൽ നിന്നും പന്ത് കിട്ടിയ നവയുഗ ശ്രേഷ്ഠ പന്ത് പുറത്തടിച്ച് കളയുകയായിരുന്നു.

രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ഇന്ത്യ 60 മിനുട്ടിൽ സന്തോഷ് ജിങ്കനിലൂടെ ഗോൾ പട്ടിക തുറന്നു. പെനാൽറ്റി ബോക്സിലേക് വന്ന പന്ത് ജെജെ സന്തോഷ് ചിന്തകന്റെ മുൻപിലേക്ക് തള്ളി കൊടുക്കുകയായിരുന്നു. ജിങ്കൻറെ ഇടം കാലൻ ഷോട്ട് നേപ്പാൾ ഗോൾ കീപ്പർക്ക് ഒരു അവസരവും കൊടുക്കാതെ ഗോൾ വല കുലുക്കി. 68 മിനുറ്റിൽ ഗോളെന്ന് ഉറച്ചൊരു മുന്നേറ്റം തടയാൻ ശ്രമിച്ചതിന് നേപ്പാൾ ക്യാപ്റ്റൻ ബിരാജ് മഹാരാജൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായോടെ നേപ്പാളിന്റെ നില പരുങ്ങലിലായി. തുടർന്ന് 79 മിനുട്ടിൽ ജെജെയിലൂടെ ഇന്ത്യ ലീഡ് ഉയർത്തി. വലത് ഭാഗത്തു നിന്നും മുഹമ്മദ് റഫീഖ് നൽകിയ ക്രോസ്സ്  ജെജെ മികച്ചൊരു ഷോട്ടിലൂടെ ഗോളാക്കിമാറ്റുകയായിരുന്നു.

അടുത്ത ആഴ്ച കിർഗിസ്താനെ നേരിടനൊരുങ്ങുന്ന ഇന്ത്യക്ക് ഈ ജയം ആത്മവിശ്വാസം നൽകും. ജൂൺ 13 നു ബാംഗ്ലൂരിലാണ് കിർഗിസ്താനെതിരെയുള്ള മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement