നൂറാം മത്സരത്തിൽ ഛേത്രിക്ക് ഇരട്ട ഗോളുകൾ, കെനിയയെ കെട്ടു കെട്ടിച്ച് ഇന്ത്യ

- Advertisement -

ഇന്ത്യക്ക് വേണ്ടിയുള്ള തന്റെ നൂറാം മത്സരത്തിൽ ഛേത്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇന്ത്യക്ക് വിജയം. ഛേത്രിയുടെ അഭ്യർത്ഥന മാനിച്ചു ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ എത്തിയ ആയിരങ്ങളെ സാക്ഷി നിർത്തിയായിരുന്നു ഇന്ത്യ കെനിയയെ പരാജയപ്പെടുത്തിയത്. മുംബൈ ഫുട്ബാൾ അരീനയിൽ വെച്ച് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന്ഗോ ളുകൾക്കായിരുന്നു ഇന്ത്യൻ ടീം വിജയിച്ചു കയറിയത്. മഴയിൽ കുതിർന്ന ആദ്യ പകുതിക്ക് ശേഷം സുനിൽ ഛേത്രി, ജെജെ എന്നിവരായിരുന്നു ഇന്ത്യയുടെ ഗോളുകൾ നേടിയത്. നൂറാം മത്സരം കളിയ്ക്കാൻ ഇറങ്ങിയ സുനിൽ ഛേത്രിയെ അനുമോദിക്കാൻ ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയ, ഐഎം വിജയൻ എന്നിവർ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മഴയിൽ കുതിർന്ന മൈതാനത്തായിരുന്നു മത്സരം പുരോഗമിച്ചത്. കനത്ത മഴയിലും മുംബൈ ഫുട്ബാൾ അരീനയിൽ ആവേശത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കനത്ത മഴയിൽ ഇരു ടീമുകളും കളിയ്ക്കാൻ നന്നായി ബുദ്ധിമുട്ടിയതോടെ ഹൈ ബാൾ ടാക്ടിക്‌സിലേക്ക് താമസിയാതെ മാറി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായിരുന്നു സ്‌കോർ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മികച്ച രണ്ടു അവസരങ്ങൾ കെനിയക്ക് ലഭിച്ചു എങ്കിലും അവസരം മുതലാക്കാനാവാഞ്ഞത് അവർക്ക് തിരിച്ചടിയായി. എന്നാൽ തുടർന്നങ്ങോട്ട് നിരന്തരം ആക്രണമണം അഴിച്ചു വിട്ട ഇന്ത്യ 68ആം മിനിറ്റിൽ അർഹിച്ച ഗോൾ പെനാൽറ്റി രൂപേണ സ്വന്തമാക്കി. ഛേത്രിയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഛേത്രി തന്നെ കെനിയയുടെ വലയിൽ എത്തിച്ചു. ഇന്ത്യൻ ക്യാപ്റ്റന് തന്റെ നൂറാം മത്സരത്തിൽ അർഹിച്ച ഗോൾ. സ്‌കോർ 1 – 0.

താമസിയാതെ ജെജെയും ഇന്ത്യക്ക് വേണ്ടി വല കുലുക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. മത്സരം 2 – 0 എന്ന നിലയിൽ അവസാനിക്കും എന്ന് തോന്നിപ്പിച്ച നിമിഷത്തിൽ ആണ് ഇന്ത്യയുടെ മൂന്നാം ഗോളും ഛേത്രിയുടെ രണ്ടാം ഗോളും പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മധ്യനിരയിൽ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ ഛേത്രി മുന്നോട്ട് കയറി വന്ന കെനിയൻ ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ പന്ത് കോരിയിട്ടു, പന്ത് വലയിലേക്ക്. ഗോൾ!! സ്‌കോർ 3 – 0.

നൂറു മത്സരം പൂർത്തിയാക്കിയ ഛേത്രിക്ക് സ്റ്റാൻഡിങ് ഒവേഷൻ നൽകാനും ആരാധകർ മറന്നില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾ സ്കോററുടെ നൂറാം മത്സരത്തിൽ അർഹിച്ച വിജയം സ്വന്തമാക്കിയാണ് ടീം കളം വിട്ടത്. ജൂൺ ഏഴിന് ന്യൂസിലന്ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement