ഗുർപ്രീത് സിംഗ് സന്ധു, ഇന്ത്യൻ സ്വപ്നങ്ങളുടെ കാവൽക്കാരൻ

കിർഗിസ്ഥാനെതിരായ ഇന്ത്യ നേടിയ വിജയം ഒരു ടീം വർക്കിന്റേതാണെങ്കിലും അതിൽ എടുത്തു പറയപ്പെടേണ്ട ഒരു പ്രകടനമായിരുന്നു ഗുർപ്രീത് സിംഗ് സന്ധുവിന്റേത്. മിനിഞ്ഞാന്ന് കളിയുടെ അവസാന മിനിറ്റിൽ കിർഗിസ്ഥാൻ താരം ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് സന്ധു തട്ടി അകറ്റിയപ്പോൾ ആരാധകരിൽ ഒരു കോരിത്തരിപ്പാണുണ്ടായത്. അത്ര പെട്ടെന്നായിരുന്നു ആ ഷോട്ടും സന്ധുവിന്റെ ഇടപെടലും.
മറ്റൊരു ഇന്ത്യൻ കീപ്പറിൽ നിന്നുമാണ് ആ രക്ഷപ്പെടുത്തൽ ഉണ്ടായതെങ്കിൽ അവിടെ “ഭാഗ്യത്തിന് രക്ഷപ്പെട്ടു” എന്ന പദം ഉപയോഗിക്കാമായിരുന്നെങ്കിലും ഗുർപ്രീതിൽ നിന്ന് പ്രകടമായത് അദ്ദേഹത്തിന്റെ യാഥർത്ഥ പ്രതിഭ തന്നെയാണ്.

മത്സരത്തിലുടനീളം മികച്ച സേവുകളുമായി ടീമിന് രക്ഷയായി സന്ധുവിന്റെ ആ അവസാന നിമിഷ സേവ് ഛേത്രി നേടിയ ഗോളിനോളം തന്നെ ഇന്ത്യക്ക് വിലപ്പെട്ടതായിരുന്നു.

കഴിഞ്ഞ മൂന്ന് സീസണുകളിലായി നോർവേ ടോപ് ഡിവിഷൻ ക്ലബ് സ്റ്റാബെക്കിന് കളിക്കുന്ന സന്ധു യൂറോപ്പ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തം പേരിലാക്കിയത് കഴിഞ്ഞ വർഷമാണ്. യൂറോപ്യൻ ഫുട്ബോൾ ഒരു ഇന്ത്യൻ താരത്തിൽ എന്ത് മാറ്റമുണ്ടാക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗുർപ്രീത് സിംഗ് സന്ധു.
കഴിഞ്ഞ മൂന്ന് സീസണുകളിലായി സ്റ്റാബെക്കിൽ കളിക്കുന്നുണ്ടെങ്കിലും ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ഐവറികോസ്റ്റുകാരൻ സയൂബ മണ്ടേയെ മറികടന്ന് ചുരുക്കം കളികളിൽ മാത്രമാണ് ഇന്ത്യക്കാരന് കളത്തിലിറങ്ങാനായത്.

2014 ലോകകപ്പിൽ ദിദിയർ ദ്രോഗ്ബയുടെ ഐവറികോസ്റ്റ് ടീമിൽ അംഗമായിരുന്ന മണ്ടേയെ ബെഞ്ചിലിരുത്തി 2016 യൂറോപ്പ ലീഗ് മത്സരത്തിൽ വെയിൽസ് ക്ലബ്ബിനെതിരെ കോച്ച് സന്ധുവിന് അവസരം നൽകുകയുണ്ടായി. മത്സരത്തിൽ മികച്ച ഫോമിൽ കളിച്ച സന്ധുവിന് പക്ഷെ കളത്തിൽ ഏറെ ആയുസുണ്ടായിരുന്നില്ല. 29-ആം മിനിറ്റിൽ പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്ന താരത്തിന് പിന്നീട് കുറച്ചുകാലത്തിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചുവരനായത്.

ഈ സീസണിൽ സ്റ്റാബെക്കിന് വേണ്ടി ഒരു ഫ്രണ്ട്‌ലി മത്സരത്തിൽ കളത്തിലിറങ്ങി ക്ലീൻ ചീട്ട് നേടിയ സന്ധുവിന് കോച്ച് കഴിഞ്ഞ രണ്ട് ലീഗ് മത്സരത്തിലും അവസരം നൽകിയിരുന്നു, രണ്ട് കളിയും ടീം തോറ്റെങ്കിലും ഇന്നലെ ഇന്ത്യക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനം അടുത്ത കളികളിലും സ്റ്റാബെക്കിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായി തുടരാൻ സന്ധുവിനെ സഹായിച്ചേക്കും.

 

വർഷങ്ങൾക്ക് മുൻപ് ഒരു കൊൽക്കത്ത ഡെർബിയിൽ കളി പറയാനെത്തിയ മുൻ ഇംഗ്ലീഷ് ഫുട്ബോളർ ജോൺ ബ്യുറിഡ്ജ്, നോർവേക്കാരനായ ജോ മോറിസൺ എന്നിവരായിരുന്നു ഈസ്റ്റ് ബംഗാൾ താരമായിരുന്ന സന്ധുവിലെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്ത്യക്കാരന് വിഗാൻ അത്ലറ്റിക്കിൽ ട്രെയൽസിന് അവസരം ഒരുക്കിക്കൊടുത്ത ഇരുവരും തന്നെയാണ് താരത്തെ സ്റ്റാബെക്കിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതും.

സന്ധുവിനെ പോലെ തന്നെ മറ്റൊരു ഏഷ്യൻ ഗോൾ കീപ്പറെ താരമാക്കിയ കഥ ഇംഗ്ലീഷുകാരൻ ബ്യുറിഡ്ജിന് പിറകിലുണ്ട്.
അലി അൽ-ഹബ്സി എന്ന ഒമാൻ കീപ്പറിലെ പ്രതിഭയെ കണ്ടെത്തി നോർവേ ലീഗിലേക്ക് എത്തിച്ചതും പിന്നീട് താരത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസരം വാങ്ങിക്കൊടുത്തതും ബ്യുറിഡ്ജായിരുന്നു. പ്രീമിയർലീഗിൽ നൂറിലേറെ മത്സരങ്ങളിൽ വല കാത്ത അൽ-ഹബ്സിയോളം പ്രതിഭയുള്ള താരമാണ് സന്ധുവെന്നും, ഇത് പോലെ ഹാർഡ് വർക്ക് ചെയ്‌താൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ എത്തിപ്പെടാൻ അദ്ദേഹത്തിനാകുമെന്നും സ്റ്റാബെക്കിന്റെ ഗോൾ കീപ്പിങ് കോച്ച് എസ്പെൻ ഗ്രാനിൽ പറയുമ്പോൾ 25-കാരനായ നാഷണൽ ഗോൾ കീപ്പറിൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ട്.

 

ഈ സീസൺ സന്ധുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്റ്റാബെക്കുമായുള്ള മൂന്ന് വർഷ കരാർ ഈ വർഷം അവസാനിക്കുമ്പോൾ ഇനി മുന്നോട്ട് എന്ത് എന്നുള്ളത് ഇന്ത്യക്കാരന് മുന്നിൽ ചോദ്യചിഹ്നമാണ്. കരാർ പുതുക്കാൻ സ്റ്റാബെക്കിന് താല്പര്യമുണ്ടെന്നാണ് സൂചനകളെങ്കിലും വരും മത്സരങ്ങളിൽ തന്റെ യാഥർത്ഥ കരുത്ത് പുറത്തെടുക്കാൻ താരത്തിന് ആകേണ്ടതുണ്ട്. മികച്ച പ്രകടനം നടത്തി നോർവേ ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ സ്ഥാനം ഉറപ്പിക്കാൻ സന്ധുവിനായാൽ അതുവഴി മികച്ച ഓഫറുകൾ അദ്ദേഹത്തെ തേടി വരാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയുടെ എട്ട് മത്സരങ്ങൾ നീണ്ട വിജയ യാത്രയിൽ ഏഴിലും വലകാക്കുകയും നാല് ക്ലീൻ ചീട്ടുകൾ സ്വന്തമാക്കുകയും ചെയ്ത സന്ധുവിന് ക്ലബിന് വേണ്ടിയും അതെ ഫോം നില നിർത്താനാകട്ടെ എന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കാനാകട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം. ഒരു പക്ഷെ എസ്പെൻ ഗ്രാനിൽ പറഞ്ഞപോലെ നാളെ ഈ ഇന്ത്യൻ ചെറുപ്പക്കാരൻ ഫുട്ബോൾ ലോകം വീക്ഷിക്കുന്ന ഒരു ലീഗിൽ എത്തിപ്പെടില്ല എന്നാരു കണ്ടു!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെവൻസ് സീസൺ, മികച്ച പത്തു മത്സരങ്ങൾ , വണ്ടൂരിലെ തൃക്കരിപ്പൂർ കുതിപ്പ് (10)
Next articleമധ്യ ഓവറുകളില്‍ ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍