ബിദ്യാനന്ദയെ സൈൻ ചെയ്ത് ബെംഗളൂരു, ഇത് ഇന്ത്യൻ ഫുട്ബോൾ സല്യൂട്ട് ചെയ്യേണ്ട മാതൃക

- Advertisement -

ബിദ്യാനന്ദ സിംഗ് എന്ന മണിപ്പൂർ യുവതാരത്തെ ഫുട്ബോൾ പ്രേമികൾക്കറിയാം. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ ജേഴ്സിയിൽ ഐ എസ് എല്ലിൽ അരങ്ങേറിയ യുവതാരം. ആ താരത്തെ ഇത്തവണ സൈൻ ചെയ്തിരിക്കുന്നത് പുതുതായി ഐ എസ് എല്ലിൽ എത്തിയിരിക്കുന്ന ബെംഗളൂരു എഫ് സിയാണ്. ഈ സൈനിംഗിനു പിറകിൽ ഒരു കഥയുണ്ട്. ബെംഗളൂരു എഫ് സിയെ ഓർത്ത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനം കൊള്ളാവുന്ന ഒന്ന്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കെതിരെ കളിച്ചു കൊണ്ട് ഐ എസ് എല്ലിൽ കൊൽക്കതയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച അണ്ടർ20 താരം ആറു മത്സരങ്ങളിലേ കൊൽക്കത്തയുടെ ജേഴ്സി അണിഞ്ഞിട്ടുള്ളൂ എങ്കിലും, വരാൻ പോകുന്ന ഇന്ത്യൻ ഫുട്ബോൾ തലമുറയിലെ വിലപ്പെട്ട താരമാകും താൻ എന്നതിന്റെ സൂചനകൾ ആ ആറു മത്സരങ്ങളിൽ നിന്നു തന്നെ ഫുട്ബോൾ ലോകത്തിന് ബിദ്യാനന്ദ നൽകിയിരുന്നു. ഈ സീസണിൽ അതുകൊണ്ട് തന്നെ ബിദ്യാനന്ദ സിംഗിനെ തങ്ങളുടെ മിഡ്ഫീൽഡിലേക്കെത്തിക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. അതിൽ പ്രധാനികളായി അത്ലറ്റിക്കോ ഡി കൊൽക്കത്തയും. പക്ഷെ അപ്രതീക്ഷിതമായി വില്ലനായി എത്തിയത് ഒരു എ സി എൽ ഇഞ്ച്വറിയാണ്. ഇഞ്ച്വറി ബിദ്യാനന്ദയെ വരുന്ന സീസണിൽ ബൂട്ടു കെട്ടാൻ പറ്റാത്ത അവസ്ഥയിലാക്കി. ഒമ്പതു മാസത്തോളമാണ് ഡോക്ടർമാർ ബിദ്യാനന്ദയ്ക്ക് വിശ്രമം പറഞ്ഞത്.

സൈൻ ചെയ്യാൻ എത്തിയ ക്ലബുകളൊക്കെ, അത്ലറ്റിക്കോ കൊൽക്കത്ത ഉൾപ്പെടെ, ഇഞ്ച്വറി അറിഞ്ഞപ്പോൾ പിന്മാറി. താരം ക്ലബ് കിട്ടാതെയും ശരിയായ ചികിത്സ ലഭിക്കാതെയും വലിയ പ്രതിസന്ധിയിലായി നിൽക്കുമ്പോഴാണ് ബെംഗളൂരു എഫ് സി എത്തുന്നത്. ബിദ്യാനന്ദയ്ക്ക് പരിക്ക് വകവെക്കാതെ പുതിയ കരാർ ഓഫർ ചെയ്ത ബെംഗളൂരു എഫ് സി താരത്തിന്റെ ചികിത്സയും ഏറ്റെടുത്തു. ഈ സീസണിൽ ബൂട്ടു കെട്ടാൻ കഴിയില്ലാ എങ്കിലും താരത്തിന് ശംബളവും ബെംഗളൂരു കരാറിലൂടെ ലഭിക്കും.

ഇന്ത്യൻ ഫുട്ബോളിൽ പ്രൊഫഷണൽ ടച്ചിനെ പുതിയ തലങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന ബെംഗളൂരു എഫ് സി വീണ്ടും ഫുട്ബോൾ പ്രേമികളുടെ കയ്യടി വാങ്ങുകയാണ് ഈ നീക്കത്തോടെ. ഒപ്പം മറ്റു ക്ലബുകൾക്ക് തലകുനിയാതിരിക്കാൻ ഒരു മാതൃകയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement