ഏഷ്യാകപ്പ് യോഗ്യത ഉറച്ചു!! ഗോൾ മഴ പെയ്യിച്ച് ഇന്ത്യ

- Advertisement -

2019 ഏഷ്യാ കപ്പിന് യോഗ്യത നേടുക എന്നത് ഇനി സ്വപ്നമല്ല. യോഗ്യതാ റൗണ്ടിലെ നാലാം മത്സരവും വിജയിച്ച് ഗ്രൂപ്പിൽ രണ്ടു മത്സരം ശേഷിക്കെ ഏഷ്യാ കപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മകാവോയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്.

ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ പൂർണ്ണ ആധിപത്യം ഇന്ത്യയ്ക്കു തന്നെ ആയിരുന്നു. 28ആം മിനുട്ടിൽ റോളിംഗ് ബോർജസ് ആണ് ഇന്ത്യയ്ക്ക് ആദ്യം ലീഡ് നൽകിയത്. ജെജെയുടെ പാസിൽ നിന്ന് ബോർജസ് തൊടുത്ത ഷോട്ട് ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു. 2015നു ശേഷം ബോർജസിന്റെ ഇന്ത്യയ്ക്കു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു അത്.

എന്നാൽ 37ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ഗുർപ്രീതിനെ കീഴടക്കികൊണ്ട് മകാവോ ഇന്ത്യയെ ഞെട്ടിച്ചു. പ്രിതം കോട്ടാൽ മാർക്ക് ചെയ്യുന്നതിൽ വരുത്തിയ പിഴവ് മുതലെടുത്ത് നികി ആണ് മകാവോയുടെ യോഗ്യതാ റൗണ്ടിലെ തന്നെ ആദ്യത്തെ ഗോൾ നേടിയത്. ഇന്ത്യ യോഗ്യത റൗണ്ടിൽ വഴങ്ങിയ ആദ്യത്തെ ഗോളുമായിരുന്നു ഇത്.

എന്നാൽ രണ്ടാം പകുതിയിൽ ബല്വന്തിന്റെ വരവോടെ വീര്യം കൂടിയ ഇന്ത്യയെ വിജയത്തിൽ നിന്ന് തടയാൻ മകാവോയ്ക്ക് ആയില്ല. അറുപതാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ വീണ്ടും ലീഡിലെത്തി. ജെജെ തുടങ്ങി വെച്ച നീക്കമായിരുന്നു ഗോളിൽ എത്തിയത്. എഴുപതാം മിനുട്ടിൽ ഓൺ ഗോളും ഇന്ത്യയ്ക്ക് അനുകൂലമായപ്പോൾ സ്കോർ 3-1 എന്നായി. കളിയുടെ അവസാന നിമിഷം ഛേത്രിയുടെ പാസിൽ നിന്ന് വലകുലുക്കി ജെജെ ഇന്ത്യൻ ജയം 4-1 എന്ന സ്കോറിനായി.

2011ൽ ആണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പ് കളിച്ചത്. ഇന്ത്യയുടെ അഞ്ചാം ഏഷ്യാകപ്പ് ആകും 2019ൽ നടക്കുന്നത്. രണ്ടു മത്സരങ്ങൾ കൂടെ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ബാക്കിയുണ്ട്. നവംബർ 14ന് മ്യാന്മാറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement