അനസ് എടത്തൊടിക: കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ആൾ രൂപം

അനസ് എടത്തൊടിക എന്ന മലയാളി ഇന്ന് കേരളവും കടന്ന് ഇന്ത്യയിലാകമാനമുള്ള കായിക പ്രേമികൾക്കിടയിൽ കേരളത്തിന്റെ യശസ്സുയർത്തുന്ന അഭിമാന താരമാണ്, ഏഷ്യൻ ഫുട്ബോളിലിന്ന് ചർച്ച ചെയ്യപ്പെടുന്ന എണ്ണപ്പെട്ട പ്രതിരോധ നിര താരങ്ങളിരൊളാണിന്നീ താരം. ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മലപ്പുറം ജില്ലയിൽ നിന്നുള്ള നാലാമത്തെ താരം കൂടിയാണ് അനസ് എടത്തൊടിക എന്ന കൊണ്ടോട്ടി മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ ഇളയ മകനായ ഈ മികച്ച സെൻട്രൽ ഡിഫന്റർ.

ഇന്തർ സിങ്ങിന്റെ കൂടെ ഇന്ത്യക്ക് കളിച്ച മലപ്പുറം മൊയ്തീൻ കുട്ടിക്കും അരീക്കോട്ടുകാരായ യു. ഷറഫലിക്കും സി. ജാബിറിനും ശേഷം കാൽ നൂറ്റാണ്ടിന് ശേഷം ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മലപ്പുറം ജില്ലക്കാരനായ താരമാണ് അനസ്. അങ്ങിനെ നീളുന്നു ഈ താരത്തിന്റെ പ്രത്യേകതകൾ.

 

അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ച നാലു മത്സരങ്ങളും ഇന്ത്യൻ ടീം വിജയിക്കുകയും ചെയ്തു നാല് മത്സരങ്ങളിലും ആദ്യാവസാനം ഇന്ത്യൻ ഗോൾ മുഖത്തൊരു ഉരുക്കു ഭിത്തി കണക്കേ അനസും സന്ദേഷ് ജിങ്കാനും നിലയുറപ്പിച്ചത് സമീപ കാല ഇന്ത്യൻ ഫുട്ബോളിലെ ഒരു അതിമനോഹര കാഴ്ച്ചയായാണ് ഫുട്ബോൾ ആരാധകർ ആസ്വദിച്ചത്.

ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി അനസ് ഇറങ്ങിയത് ഏറെ വൈകി തന്റെ പത്ത് വർഷം പിന്നിട്ട അത്യുഗ്രൻ പ്രൊഫഷനൽ കരിയറിനിടക്ക് മുപ്പതാം വയസ്സിലാണ്. 2011 ന് ശേഷം പല കുറി ദേശീയ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു എങ്കിലും അപ്പോഴൊക്കെ പരിക്കു കാരണം ക്യാമ്പ് വിടേണ്ടി വരികയാണുണ്ടായത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് ഇന്ത്യ ചാമ്പ്യൻമാരായ സാഫ് ഗെയിംസ് ഫുട്ബോൾ ക്യാമ്പിനൊടുവിൽ ദേശീയ കുപ്പായം പോലും കയ്യിൽ വാങ്ങിയതിന് ശേഷം ഏറ്റ പരിക്ക് ഇതിൽ ഏറ്റവും നഷ്ടം വരുത്തിയ പരിക്കായിരുന്നു.

എന്നാൽ കഠിനാധ്വാനത്തിന്റെ ആൾ രൂപമായ അനസ് ഒരിക്കലും തളരാതെയും നഷ്ടബോധത്തിന്റെ സമ്മർദ്ദത്തിന് പിടികൊടുക്കാതെയും തന്റെ കരിയർ തുടരവെ ഈ വർഷം ഐ-ലീഗിൽ മോഹൻ ബഗാനുവേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അനസിനെ വീണ്ടും ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടത്. ദേശീയ കുപ്പായത്തിൽ അദ്ദേഹം ആദ്യമിറങ്ങിയത് 2017 മാർച്ച് 22 ന് കംമ്പോഡിയക്കെതിരെ അവരുടെ നാട്ടിൽ സൗഹൃദ മത്സരത്തിനായിരുന്നു അത് ഇന്ത്യ 3-2 നു വിജയിച്ചു.

ഇന്ത്യക്ക് വേണ്ടിയുള്ള അനസിന്റെ ആദ്യ ഔദ്യോഗിക മത്സരം മ്യാൻമാറിനെതിരെ 2017 മാർച്ച് 28ന് അവരുടെ നാട്ടിൽ വച്ചായിരുന്നു. 1969 ന് ശേഷം മ്യാൻമാറിനെതിരെയുള്ള ആദ്യ വിജയമായിരുന്നു 2019 ൽ യു.എ.ഇ യിൽ നടക്കേണ്ട ഏഷ്യൻ കപ്പിനായുള്ള ഈ യോഗ്യതാ പോരാട്ടത്തിൽ നമ്മൾ നേടിയ ഈ (1-0)വിജയം.

രണ്ട് മാസങ്ങൾക്ക് ശേഷം 2017 ജൂൺ 6 ന് മുംബൈയിൽ വീണ്ടും ഒരു സൗഹൃദ മത്സരം നേപ്പാളുമായിട്ടായിരുന്ന ഈ മത്സരത്തിലും വിജയം തന്നെ (2-0). ഒരാഴ്ച്ചക്കകം 2017 ജൂൺ 13 ന് ബാഗ്ലൂരിൽ ഏഷ്യൻ കപ്പ് രണ്ടാം യോഗ്യതാ മത്സരം, ഒരു കാലത്ത് യൂറോപ്പിലെന്നല്ല ലോകത്തിലെ തന്നെ ഫുട്ബോൾ വൻ ശക്തികളിലൊന്നായ റഷ്യ വിഘടിച്ചുണ്ടായ കിർഗ്ഗിസ്ഥാൻ റിപബ്ലിക്കുമായിട്ട്, തടി മിടുക്കിലും പ്രൊഫഷനലിസത്തിലും ഏറെ മുന്നിലായിരുന്നു എതിരാളികൾ, എന്നാൽ ഇന്ത്യൻ ഗോൾ മുഖത്ത് അനസും ജിങ്കാനും ചേർന്ന് തീർത്ത ഉരുക്ക് ഭിത്തി പിളർത്താൻ റഷ്യൻ കോച്ച് പകർന്ന് നൽകിയ തന്ത്രങ്ങളും പുറത്തെടുത്തിട്ടും കിർഗിസ്ഥാന് കഴിഞ്ഞില്ല. ശക്തമായ തിരിച്ചടി നടത്തിയ ആതിഥേയർ സുനിൽ ഛേത്രിയുടെ ഗോളിൽ 1-0 ന് അന്തിമ വിജയം കുറിച്ചു. ഇതോടെ ഗ്രൂപ്പിൽ ആറു പോയിന്റു മായി ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ മാർക്കിനടുത്തെത്തിയിരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബോളിന്റെ ഉയരങ്ങളിലേക്ക് അനസ്
ചവിട്ടി കയറിയ പടവുകളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാക്കാം അദ്ദേഹം താണ്ടിയ ചുവടുകളുടെ ആഴവും വ്യാപ്തിയും അത് കടക്കാൻ അദ്ദേഹമെടുത്ത കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും.

തികച്ചും ദരിദ്രമെന്നു തന്നെ പറയാവുന്ന ഒരു ഇടത്തരം കുടുബത്തിൽ നിന്ന് വന്ന അനസ് കുട്ടിക്കാലത്ത് ക്രിക്കറ്റിനോടായിരുന്നു ഭ്രമം കാണിച്ചിരുന്നത്…എന്നാൽ കളിയാണ് നിന്റെ ലക്ഷ്യമെങ്കിൽ ബാറ്റും ബോളും അല്ല , കാലിൽ ബൂട്ടണിയുകയാണ് കേരളാ സാഹചര്യത്തിൽ തനിക്ക് ഉചിതം എന്ന് സ്കൂളിലെ തന്റെ ഭൂമി ശാസ്ത്രാധ്യാപകനാണ് അനസിനെ ആദ്യമായി ധരിപ്പിച്ചത്.

കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ 2002-03 വർഷം അനസ് പത്താം ക്ലാസ്സിൽ പഠിയ്ക്കുന്ന കാലത്താണ് മലപ്പുറം ജില്ലാ ഫുട്ബോൾ താരം കൂടിയായിരുന്ന സ്കൂളിൽ 2001-’02 വർഷം സാമൂഹ്യ ശാസ്ത്രാധ്യാപകനായി നിയമിതനായ സി.ടി അജ്മലിന്റെ കീഴിൽ സ്കൂളിൽ ആദ്യമായി ഒരു ഫുട്ബോൾ ടീം രൂപീകരിച്ചത്. ഈ ടീമിന്റെ കോച്ചിംഗ് ക്യാമ്പിൽ പരിമിതികൾ നിറഞ്ഞ സ്കൂളിന്റെ പരുക്കൻ മൈതാനത്താണ് അനസ് ആദ്യമായി ബൂട്ടണിഞ്ഞ കാല് കൊണ്ട് പന്ത് തട്ടിത്തുടങ്ങുന്നത്. സ്കൂൾ മൈതാനത്ത് നിന്ന് കിട്ടുന്ന പാഠങ്ങൾ അവധി ദിവസങ്ങളിൽ കൂട്ടുകാരോടൊന്നിച്ച് ജന്മ സ്ഥലമായ കൊണ്ടോട്ടി മുണ്ടപ്പലത്തെ വളരെ ചെറിയ പാണാളി മൈതാനത്തും, അനസ് മുടങ്ങാതെ അഭ്യസിച്ചു. മേൽ പറഞ്ഞ അധ്യാപകന്റെ കീഴിൽ സ്കൂൾ ടീമിന്റെ ക്യാമ്പ് വെക്കേഷൻ കാലങ്ങളിൽ ക്രമേണ തൊട്ടടുത്ത ഇ.എം.ഇ.എ കോളജിന്റെ വലിയ മൈതാനത്തേക്കും നീണ്ടു ഏകദേശം ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ അനസിലെ പ്രതിഭയെ മനസ്സിലാക്കിയ അധ്യാപകൻ പലപ്പോഴും അനസി പ്രത്യേകം വിളിച്ചിരുത്തി അവൻ സ്വപ്നം കാണേണ്ട മൈതാനങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞു കൊടുത്തിരുന്നു. താൻ ഇന്ന് നിറഞ്ഞാടുന്ന മുംബൈ കുപ്പറേജും , കൽക്കട്ട സാൾട്ട്ലേക്കും, ഗോവ ഫറ്റോർഡയും ആയിരുന്നു മാഷ് അന്ന് പറഞ്ഞു തന്ന മൈതാനങ്ങൾ എന്ന് അനസ് തന്നെ പിന്നീട് പല തവണ പറഞ്ഞിട്ടുണ്ട്. അവയൊക്കെ ലക്ഷ്യമാക്കി തന്നെയാണ് അക്കാലത്ത് മാഷ് പറഞ്ഞതിൽ പിന്നെ ഓരോ ദിവസവും ക്രിക്കറ്റ് ഭ്രമക്കാരനായിരുന്ന ആ പയ്യൻ ചുവട് വച്ചു കൊണ്ടിരുന്നതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്നത് വരെ അജ്മൽ മാഷിന്റെ പരിശീലന കളരികളായ ഇ.എം.ഇ.എ സ്കൂൾ ടീമിനും മാഷിന്റെ നാടായ മലപ്പുറം ജില്ലയിലെ തന്നെ അരിമ്പ്രയിലെ നെഹ്റു യൂത്ത് ക്ലബ്ബിനും കളിച്ചു കൊണ്ട് മലപ്പുറം ജില്ലാ സ്കൂൾ ഫുട്ബോളിലും മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ലീഗ് ടൂർണ്ണമെന്റുകളിലും അരങ്ങേറ്റം കുറിച്ചു.

സ്കൂൾ വിടുന്നത് വരെ അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബിനായി മൂന്നു വർഷം തുടർച്ചയായി അനസ് ജില്ലാ ലീഗ് ഇ-ഡിവിഷനിൽ ബൂട്ടണിഞ്ഞു. കേരളത്തിൽ അനസ് ലീഗ് കളിച്ചിട്ടുള്ള ഒരേ ഒരു ക്ലബായിരുന്നിത്. മലപ്പുറം വിദ്യാഭ്യാസ ജില്ലാ സ്കൂൾ ടീമിനും വേണ്ടിയും ബൂട്ട് കെട്ടി. എങ്കിലും ഇക്കാലത്ത് അനസിന്റെ മികവ് ശ്രദ്ധിക്കേണ്ടിയിരുന്ന പലരും അറിഞ്ഞോ അറിയാതെയോ തിരിച്ചറിയാതെ പോയ കാരണത്താൽ റവന്യൂ ജില്ലാ സ്കൂൾ ടീമിന്റെ ആദ്യ ഇലവനും തൽഫലമായി അർഹതയുണ്ടായിരുന്ന സംസ്ഥാന സ്കൂൾ ടീം സെലക്ഷനും അനസിന് അന്യമായി പോയിരുന്നു എന്നത് വസ്തുത.

കഠിനാധ്വാനിയായ അനസ് സ്കൂൾ പഠനം പൂർത്തിയാക്കി 2006 ൽ മഞ്ചേരി എൻ. എസ്. എസ് കോളജിൽ ഡിഗ്രിക്കു ചേർന്നു കായികാധ്യാപകൻ ഡോക്ടർ പി.എം സുധീർ കുമാറിന്റെ കീഴിൽ കോളജിനെ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ കിരീടം ചൂടിക്കുന്നതിൽ പ്രധാന കണ്ണിയായി വർത്തിച്ചു. ആ വർഷം കേരള സംസ്ഥാന യൂത്ത് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. 2007 ൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായി എൻ.എസ്.എസ് കോളജിൽ നിന്നും കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലേക്ക് ട്രാൻസ്ഫർ വാങ്ങി വന്നു അവിടെ ഒന്നോ രണ്ടോ ആഴ്ചകൾ മാത്രം. ക്യാമ്പിന്റെ തുടക്കത്തിൽ തന്നെ തന്റെ മികച്ച നിലവാരം പുറത്തെടുത്ത അനസിനെ ഏതാനും ദിവസങ്ങൾക്കകം തന്നെ അവിടെ കോച്ചായിരുന്ന മുൻ ഇന്ത്യൻ ഗോൾ കീപ്പർ ഫിറോസ് ഷരീഫ് ആ വർഷം നിലവിൽ വന്ന മുംബൈ എഫ്.സി ടീമിലേക്കയച്ചു. ആദ്യ വർഷം തന്നെ മുംബൈ ടീം ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരുമായി. മികച്ച കളി കാഴ്ച്ച വച്ച അനസിനെ 2011 വരെ മുംബൈ എഫ് സി ടീം മറ്റാർക്കും വിട്ടു കൊടുത്തില്ല. ഇവിടെ മുൻ ഇഗ്ലണ്ട് താരം ഡേവിഡ് ബൂത്തായിരുന്നു അനസിന്റെ കോച്ച്. 2009ൽ കോയമ്പത്തൂരിലും ചെന്നൈലുമായി മഹാരാഷ്ട്ര ടീമിനും 2010ൽ കൊൽക്കത്തയിൽ കേരളത്തിനു വേണ്ടിയും അനസ് സന്തോഷ് ട്രോഫി കളിച്ചു. 2011 ൽ പൂനെ എഫ്.സി യുടെ വലിയ ഓഫർ സ്വീകരിച്ച് അനസ് അവർക്കായി കളത്തിലിറങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു .2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു…..

 

പരിക്കു കാരണം 2015 ലെ ഐ ലീഗിൽ നിന്നും വിട്ടു നിന്നു എന്നാൽ ആ വർഷാവസാനം നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് സെന്റർ ഡിഫന്റർ സ്ഥാനത്ത് നിന്ന് എതിർ ഗോൾ മുഖത്തേക്ക് പാഞ്ഞടുത്ത് ആക്രമണമഴിച്ചു വിട്ട് മികച്ച ഹെഡർ ഗോൾ വരെ നേടി റോബർട്ടോ കാർലോസിന്റെ മനം നിറഞ്ഞ പ്രശംസക്കും ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെയെല്ലാം ഇഷ്ട താരവുമായി. 2016-17 ഐ എസ് എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു….. ഐ.എസ് എല്ലിനു ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പഴയതും പ്രസിദ്ധവുമായ മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി. ഐ ലീഗിലും ഫെഡറേഷൻ കപ്പിലും നിർഭാഗ്യം കൊണ്ട് മാത്രം റണ്ണേഴ്‌സ് അപ്പിൽ ഒതുങ്ങിപ്പോയി.

എങ്കിലും അനസിനെ തേടി ഈ സീസണിൽ ഐ ലീഗ് ബെസ്റ്റ് ഡിഫന്റർ അവാർഡായ ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഡിഫന്റർമാർക്ക് സമ്മാനിക്കുന്ന ജർണ്ണയിൽ സിംഗ് പുരസ്ക്കാരം എത്തിയിരുന്നു…. സർവ്വോപരി തന്റെ ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന അത്യുഗ്രൻ പ്രൊഫഷനൽ കരിയറിനിടയിൽ അഞ്ച് തവണയെങ്കിലും പരിക്കിനാലുണ്ടായ നിർഭാഗ്യം കാരണം കൈ വിട്ടു പോയിട്ടുള്ള ഇന്ത്യൻ ടീം അംഗത്ത്വം കൈവരിച്ച സീസൺ കൂടിയായി 2016-’17.
ഇന്ത്യയ്ക്കായി ഇറങ്ങിയ നാല് മത്സരങ്ങളിലും ആദ്യാവസാനം അനസ് തന്നെയായിരുന്നു പ്രതിരോധത്തിലെ നെടും തൂൺ. കളിച്ച നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യയെ ഫിഫ റാംഗിങ്ങിൽ ബഹു ദൂരം മുന്നിലെത്തിച്ചതിൽ ഈ മലപ്പുറത്തുകാരന്റെ പങ്ക് ഏറെ പ്രശംസനീയമാണ്.

അനസിനോട് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് പൊതുവിലും പ്രത്യേകിച്ച് തന്റെ നാട്ടുകാർക്കും കൂട്ടുകാർക്കുമുള്ള മതിപ്പും സ്നേഹവും കേരളത്തിന്റെ പ്രിയപ്പെട്ട ഐ.എസ്.എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിനെതിരിൽ അനസ് കളിക്കുമ്പോൾ പോലും ഒരു ഭാഗത്ത് സ്വന്തം ടീമും മറു ഭാഗത്ത് പ്രിയപ്പെട്ട അനസുമാണല്ലോ എന്ന ധർമ്മ സങ്കടം സ്ഫുരിക്കുന്ന ആർപ്പുവിളികളും ബാനറുകളും ഗാലറികളിൽ ഉയരുമ്പോൾ മനസ്സിലാക്കാം.

കൂടാതെ കേരളത്തിൽ നിന്നും വളരെ അകലെ കളി നടക്കുകയാണെങ്കിൽ പോലും അനസിന്റെ നാട്ടുകാർ അനസിന് പിന്തുണയുമായി പോകുന്നതും ആ കളിക്കാരനിൽ അവർക്കുളള സ്നേഹമാണ്. കഴിഞ്ഞ ദിവസം കിർഗ്ഗിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം കാണാൻ മലപ്പുറത്ത് നിന്ന് പോയ നൂറു കണക്കിനാളുകൾ ബാഗ്ലൂർ ശ്രീ കാണ്ഡീരവ സ്റ്റേഡിയത്തിൽ ഉയർത്തിയ വലിയ ബാനറിലെ ഉള്ളടക്കം കണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന് ഇന്ത്യക്കായി ജയ് വിളിച്ചു കൊണ്ടിരുന്ന ഫുട്ബോൾ പ്രേമികൾ കൂട്ടത്തിൽ അനസിന് പ്രത്യേകമായി ജയ് വിളിക്കാൻ തുടങ്ങിയത് കാണാമായിരുന്നു……
” അനസ്, പ്രിയ സഹോദരാ…. നമ്മുടെ രാജ്യം, ഭാരതത്തിനായി നിങ്ങൾ ചെയ്യേണ്ട ജോലി ചെയ്ത് തീരും വരെ രോഗിയായ അങ്ങയുടെ പിതാവിനെ ഞങ്ങൾ നോക്കിക്കോളാം……. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ”…. എന്നതായിരുന്നു ഇംഗ്ലീഷിലെഴുതിയ ആ ബാനറിന്റെ ഉള്ളടക്കം.

പലപ്പോഴും അനസ്സ് കളിക്കുന്ന പ്രധാന മത്സര വേദികൾ എത്ര ദൂരെയായാലും തനിച്ച് മത്സരം കാണാൻ എത്തുന്ന ഒരു മുഖമുണ്ട്, അനസിലൊളിഞ്ഞ് കിടക്കുന്ന കഴിവ് ചെറു പ്രായത്തിൽ തന്നെ മനസ്സിലാക്കി തന്റെ ജീവിതം ഫുട്ബോൾ തന്നെയെന്ന് മനസ്സിൽ കുറിച്ച് കൊടുത്ത ആ പഴയ ഭൂമി ശാസ്ത്രാധ്യാപകന്റേതായിരിക്കും ആ മുഖം.
ഇതെല്ലാം ആദരവോടെയും കടപ്പാടോടെയും ഓർക്കുന്ന നല്ല മനസ്സിനുടമയായ അനസ് ഓരോ തവണയും പുതിയ പുതിയ ഉയരങ്ങൾ താണ്ടി നാട്ടിലെത്തിയാൽ എന്നും സാധാരണക്കാരായ തന്റെ സുഹൃത്തുക്കളുടെയും കൊച്ചു കുട്ടികളുടെയും കൂടെ കളിക്കാനും സഹവസിക്കാനും ആദ്യകാല ഗുരുക്കൻമാരെ ചെന്നു കാണാനും എല്ലാം സമയം കണ്ടെത്തുന്നു എന്നത് അനസിന്റെ ലാളിത്യത്തെയും പിന്നിട്ട പാതകളെക്കുറിച്ചുള്ള ഓർമ്മകളെയുമാണ് സൂചിപ്പിക്കുന്നത്. ഇത് പുതു തലമുറയിലെ താരങ്ങൾക്കെല്ലാം മാതൃകയുമാണ്.
ജീവിതത്തിൽ തന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി ആരെന്ന് ചോദിച്ചാൽ അനസിന് ഒരേ ഒരു ഉത്തരമേ ഉണ്ടാകാറുള്ളൂ അകാലത്തിൽ തന്നെ വിട്ടു പിരിഞ്ഞ ജ്യേഷ്ട സഹോദരൻ അഷ്റഫ് എടത്തൊടിക….തന്റെ ആദ്യ ഗുരുവായ അജ്മലിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു അഷ്റഫ് എന്നത് യാദൃശ്ചികം.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി അനസിന്റെ പിതാവ് രോഗാവസ്ഥയിലാണുള്ളത്, ദുഃഖം കടിച്ചമർത്തിയാണ് അനസ് കണിശക്കാരനായ തന്റെ ക്യാമ്പിൽ ഒന്നും പുറത്ത് കാണിക്കാതെ നിലകൊള്ളുന്നതെന്ന് മനസ്സിലാക്കിയ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈന്റൈൻ അർദ്ധ മനസോടെ സ്വകാര്യമായി ടീമിന് വളരെ അത്യാവശ്യമായ അനസിനെ വിളിച്ച് നീ കിർഗിസ്ഥാനമായുള്ള മാച്ചിനോട് തൊട്ടു മുമ്പത്തെ ദിവസം ടീമിനോടൊപ്പം വന്നു ചേർന്നാൽ മതിയെന്നു പറഞ്ഞു വിട്ടിരുന്നു. എന്നാൽ വീട്ടിലെത്തിയ അനസിനെ പിതാവും മാതാവും കുടുബത്തിലെ കാരണവൻമാരും ചേർന്ന് ഒരു ദിവസത്തിനകം തിരിച്ചയക്കുകയാണ് ചെയ്തത്. എപ്പോൾ ചെന്നാലും തന്നെ പോലുള്ള ഒരു കളിക്കാരനെ ഈ സന്ദർഭത്തിൽ ടീമിൽ നില നിർത്തുമെന്നു തിരിച്ചറിഞ്ഞിട്ടും പിതാവിന്റെ രോഗാവസ്ഥ കാരണമുണ്ടായ ദുഃഖ ഭാരവും പേറി അനസ് മുംബൈലെ കടുപ്പമേറിയ ദേശീയ പരിശീലന ക്യാമ്പിൽ വീണ്ടും ചെന്നു ചേർന്നത് സഹകളിക്കാരെ മാത്രമല്ല കണിശക്കാരനായ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ഈ വിധമുളള ആത്മാർത്ഥതയും അർപ്പണ ബോധവും താരത്തിന്റെ ഉത്തമമായ ദേശ സ്നേഹത്തിന്റെ ബഹിർ ഗമനമായി കൂടി കണക്കാക്കപ്പെടേണ്ടതുണ്ട്.

 

ഇനി അനസിന് ഇന്ത്യൻ ടീമിനൊപ്പം അടുത്ത് കളിക്കാനുള്ളത് ഏഷ്യൻ കപ്പ് മൂന്നാം യോഗ്യതാ മത്സരത്തിൽ മക്കാവുമായിട്ടാണ് അതിന് മുന്നോടിയായി ഏതെങ്കിലും ഏഷ്യൻ ഫുട്ബോൾ ശക്തികളായ രാജ്യത്തോട് ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഒരുക്കുന്ന സൗഹൃദ മത്സരവും ഉണ്ടാകാനിടയുണ്ട്.

നിലവിലെ ഫോം നില നിർത്താനായാൽ നാല് വയസ്സുകാരി ഫാത്തിമ ഷസ്മിൻ, എഴു മാസം പ്രായക്കാരൻ ഷഹ്സാദ് മുഹമ്മദ് എന്നീ രണ്ട് കുട്ടികളുടെ പിതാവായ ഈ മുപ്പത് കാരൻ ഇന്ത്യൻ ഫുട്ബോൾ ടീമിൽ അവിഭാജ്യ ഘടകമായി വരും മത്സരങ്ങളിലും തുടരും എന്ന ബലമായ വിലയിരുത്തലാണ് ഫുട്ബോൾ നിരീക്ഷകർ നടത്തിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫകര്‍ സമന്റെ കന്നി ശതകം, കൂറ്റന്‍ സ്കോര്‍ നേടി പാക്കിസ്ഥാന്‍
Next articleഅര ഡസന്‍ ഗോളിനു വിജയിച്ച് ഇന്ത്യ, പാക്കിസ്ഥാനു മൂന്നാം തോല്‍വി