
ഗോവയിൽ അത്ലെറ്റിക്ക് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് ഗംഭീര വിജയം. മഴയിൽ കുതിർന്ന മത്സരത്തിൽ രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യൻ കുട്ടികൾ സിംഗപ്പൂരിനെ തകർത്തത്. രണ്ടു ഹാട്രിക്കുകളാണ് ഇന്ത്യയ്ക്കു വേണ്ടി ഇന്നു പിറന്നത്, എഡ്മുണ്ടിന്റെയും റോഷന്റേയും ബൂട്ടുകളിൽ നിന്നായിരുന്നു ഹാട്രിക്ക്.
ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ വിജയത്തിലേക്കുള്ള കുതിപ്പ്. രണ്ടാം മിനുറ്റിൽ തന്നെ മുഹമ്മദ് ഡാനിയലിലൂടെ സിംഗപ്പൂർ മുന്നിലെത്തി. പക്ഷെ മികച്ച ഫോമിലേക്കുയർന്ന എഡ്മുണ്ടിന്റെ ഹാട്രിക്കിന്റെ ബലത്തിൽ ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോഴേക്ക് 6-2ന് മുന്നിലെത്തുകയായിരുന്നു. എഡ്മുണ്ടിനെ കൂടാതെ റോഷന്റെ ഇരട്ട ഗോളുകളും ആദ്യ പകുതിയിൽ പിറന്നു. 45ാം മിനുട്ടിൽ ലാൽനുൻതുലങയാണ് ഇന്ത്യയുടെ ആറാം ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ശക്തമായ മഴ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ ബാധിച്ചു. 85ാം മിനുട്ടിൽ റോഷൻ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. മഴ ഇല്ലായിരുന്നുവെങ്കിൽ 7-2നും മുകളിൽ സ്കോർ പോകുമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial