ത്രിരാഷ്ട്ര ടൂർണമെന്റ് കിരീടം ഇന്ത്യയ്ക്ക്

തുടർച്ചയായ പത്തു വിജയങ്ങൾ എന്നതു നടന്നില്ല, പക്ഷെ പത്താം വിജയമില്ലെങ്കിലും ത്രിരാഷ്ട്ര കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ടൂർണമെന്റിലെ അവസാന മത്സരത്തിൽ സെന്റ് കിറ്റ്സിനെതിരെ സമനില നേടിയതോടെയാണ് ത്രിരാഷ്ട്ര ടൂർണമെന്റ് കിരീടം ഇന്ത്യക്ക് സ്വന്തമായത്. ആദ്യ മത്സരത്തിൽ ഇന്ത്യ മൗറീഷ്യസിനെ പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമിൽ ഒരേയൊരു മാറ്റം മാത്രം നടത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ആദ്യ ഇലവനിൽ റോബിൻ സിങ്ങിനു പകരം ബൽവന്ത് സിങ്ങിനെയാണ് ഇന്ന് കോൺസ്റ്റന്റൈൻ ഇറക്കിയത്. മൗറീഷ്യസിനെതിരെ തുടങ്ങിയതിനേക്കാൾ മികച്ച തുടക്കം ഇന്ത്യക്ക് ഇന്ന് കിട്ടി. തുടക്കത്തിലെ താളം കണ്ടെത്തിയ ഇന്ത്യ ഒരു തവണ സെന്റ് കിറ്റ്സ് വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് വില്ലനാവുകയായിരുന്നു.

37ാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. കഴിഞ്ഞ മത്സരത്തിലും ആദ്യ ഗോൾ ഒരുക്കിയ ബോർജസ് തന്നെയാണ് ഇത്തവണയും ഗോൾ അവസരം ഒരുക്കിയത്. വലതുവിങ്ങിൽ നിന്ന് ബോർജസ് ചെയ്ത ക്രോസ് തകർപ്പൻ ഹെഡറിലൂടെ ജാക്കി വലയിലെത്തിക്കുകയായിരുന്നു. ജാക്കിചന്ദിന്റെ ഇന്ത്യയ്ക്കു വേണ്ടിയുള്ള രണ്ടാം ഗോളാണ് ഇത്. രണ്ട് ഗോളുകളും മുംബൈ അറീനയിൽ തന്നെയായിരുന്നു പിറന്നത്.

തുടർച്ചയായ പത്താം വിജയത്തിലേക്ക് ഇന്ത്യ കുതിക്കുകയാണ് എന്ന് തോന്നിയ അവസരത്തിലാണ് സെന്റ് കിറ്റ്സിന്റെ സമനില ഗോൾ പിറന്നത്. 72ാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്നായിരുന്നു ഗോൾ. ആരാലും മാർക്ക് ചെയ്യപ്പെടാതെ ബോക്സിൽ ഉണ്ടായിരുന്ന അമോറി സുബ്രതാ പോളിനെ കീഴടക്കി ഗോൾ നേടുകയായിരുന്നു. സമനിലഗോളിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചു എങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. അവസാന നിമിഷത്തിൽ റോബിൻ സിംഗിന്റെ ശ്രമം ബാറിൽ തട്ടി മടങ്ങുകയും ചെയ്തു.

ഒരു വർഷത്തിനു ശേഷമാണ് ഇന്ത്യ ഒരു കളി ജയമില്ലാതെ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിനു ശേഷം തുടർച്ചയായ 9 വിജയങ്ങളോടെ കുതിക്കുകയായിരുന്നു ഇന്ത്യ. വിജയിച്ചില്ല എങ്കിലും ഇന്ത്യ ത്രിരാഷ്ട്ര ടൂർണമെന്റ് ചാമ്പ്യന്മാരായത് ഇന്ത്യയ്ക്ക് ഊർജ്ജം നൽകും. സെപ്റ്റംബർ അഞ്ചിന് മക്കോവയ്ക്കെതിരെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരമാണ് ഇനി ഇന്ത്യയ്ക്ക് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജയത്തോടെ യോദ്ധാക്കള്‍ നാട്ടില്‍ നിന്ന് മടങ്ങുന്നു
Next articleറൊണാൾഡോ യൂറോപ്പിന്റെ രാജാവ്