ഛേത്രിയുടെ ചിറകിലേറി ഇന്ത്യക്ക് കിരീടം!!

- Advertisement -

പ്രഥമ ഇന്റർ കോണ്ടിനന്റൽ കപ്പ് ഇന്ത്യക്ക് സ്വന്തം. ഫൈനലിൽ ഇന്ന് കെനിയയെ നേരിട്ട ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് കിരീടം ഉയർത്തിയത്. ടൂർണമെന്റിൽ ഉടനീളം എന്നപോലെ സാക്ഷാൽ സുനിൽ ഛേത്രി തന്നെ ആയിരുന്നു ഇന്നും ഇന്ത്യയുടെ വിജയശില്പി ആയത്. മത്സരത്തിലെ രണ്ട് ഗോളുകൾ ഛേത്രിയുടെ ബ്രില്യൻസ് തന്നെ ആയിരുന്നു.

ന്യൂസിലാൻഡിനെതിരെ പരാജയം നേരിട്ട ടീമിൽ മാറ്റങ്ങൾ വരുത്തി ശക്തമായ ടീമുമായാണ് ഇന്ത്യ ഇന്ന് മുംബൈ അരീനയിൽ ഇറങ്ങിയത്. അതിന്റെ ഫലം ആദ്യ പകുതിയിൽ തന്നെ ലഭിക്കുകയും ചെയ്തു. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. അനിരുദ്ധ് താപ എടുത്ത ഫ്രീകിക്ക് കെനിയൻ ഡിഫൻസിനെ കബളിപ്പിച്ച് ഛേത്രിയുടെ കാലിൽ എത്തിയപ്പോൾ ഫലം ഒന്നു മാത്രം. ഇന്ത്യ 1-0.

ആദ്യ പകുതിയിൽ തന്നെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഒരു ലോംഗ് ബോൾ മികച്ച ഫസ്റ്റ് ടച്ചിലൂടെ സ്വന്തമാക്കിയ ഛേത്രി ഇടം കാലൻ ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു‌. ഈ ഗോളോടെ ഛേത്രി രാജ്യാന്ത്ര ഗോളുകളുടെ എണ്ണത്തിൽ മെസ്സിക്ക് ഒപ്പം എത്തുകയും ചെയ്തു (64). ഛേത്രിയുടെ ടൂർണമെന്റിലെ എട്ടാം ഗോളായിരുന്നു ഇത്. ഒരു ടൂർണമെന്റിൽ ആദ്യമായാണ് ഛേത്രി ഇത്രയും ഗോളുകൾ നേടുന്നത്.

ആദ്യ പകുതിയിലെ രണ്ടു ഗോളുകളിൽ തന്നെ കെനിയ തകർന്നിരുന്നു. രണ്ടാം പകുതിയിൽ ശക്തമായി കെനിയ പൊരുതി എങ്കിലും ഗുർപ്രീതിനെ കടന്ന് ഒരു പന്തും വലയിലേക്ക് പോയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും കെനിയയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അന്ന് 3-0 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഏഷ്യാ കപ്പിന് ഒരുങ്ങാൻ വേണ്ടി നടത്തിയ ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾ രണ്ടാം നിര ടീമുകളെ അയച്ച് ഇന്ത്യയെ നിരാശപ്പെടുത്തി എങ്കിലും, കാണികളുടെ പങ്കാളിത്തം കൊണ്ടും ഛേത്രിയുടെ മികവ് കൊണ്ടും ഈ ടൂർണമെന്റ് ഇന്ത്യയ്ക്ക് ആഘോഷിക്കാൻ ഉള്ള ഒരു ടൂർണമെന്റായി മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement