
ത്രിരാഷ്ട്ര ടൂർണമെന്റിന്റെ അവസാന കളിയിൽ ഇന്ത്യ ഇന്ന് സെന്റ് കിറ്റ്സ് ആൻഡ് നെവിസിനെ നേരിടും. ആദ്യ മത്സരത്തിൽ ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ജിങ്കന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യക്ക് ഒരു സമനില പോലും കിരീടം നേടി കൊടുക്കും. വൈകിട്ട് ഇന്ത്യൻ സമയം 8 മണിക്ക് മുംബൈ സ്പോർട്സ് അറീനയിൽ വെച്ചാണ് മത്സരം.
ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് തുടർച്ചയായി പത്ത് മത്സരങ്ങൾ എന്ന നേട്ടത്തിനും അർഹരാവാം. കഴിഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ താളം കണ്ടെത്താൻ സമയമെടുത്ത ഇന്ത്യൻ പ്രധിരോധ നിരയെ ആ കുറവ് പരിഹരിച്ച് കൊണ്ട് ഇറക്കാനാകും കോച്ച് കോൺസ്റ്റന്റയിന്റെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ കളിച്ച ജിങ്കനും അനസ് എടത്തൊടികയും തന്നെയാവും ഇന്നും ഇന്ത്യ പ്രധിരോധനിര കാക്കുക. മധ്യ നിരയിൽ കളി മെനയാൻ റൗളിംഗ് ബോർജസും ലിങ്ദോയും തന്നെയാവും ഇറങ്ങുക. മുന്നേറ്റ നിരയിൽ ബൽവന്ത് സിങ്ങും ജെജെയും ആദ്യ പതിനൊന്നിൽ ഉണ്ടാവും.
കഴിഞ്ഞ മത്സരത്തിൽ മൗറീഷ്യസിനെതിരെ ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണു ഇന്ത്യ 2 – 1ന് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ റോബിൻ സിങ്ങും ബൽവന്ത് സിംങ്ങുമാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. അഞ്ചു മാസം മുൻപ് വരെ റാങ്കിങ്ങിൽ 73ആം സ്ഥാനത്തായിരുന്ന സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പുതിയ റാങ്കിങ് പ്രകാരം 125ആം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial