ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ അണ്ടർ 17 ടീം കോച്ചിനെ പുറത്താക്കി ഇന്ത്യൻ മണ്ടത്തരം

അണ്ടർ 17 ലോകകപ്പ് വാതിൽക്കൽ നിൽക്കെ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് എ ഐ എഫ് എഫ് തീരുമാനം. ഇന്ത്യൻ അണ്ടർ 17 കോച്ചായ നിക്കോളൈ ആഡമിനെ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ പരിശീലന സ്ഥാനത്തു നിന്നു ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നീക്കം ചെയ്തു.

റഷ്യയിൽ മോസ്കോയിൽ നടന്ന അണ്ടർ 18 ടൂർണമെന്റിലെ മോശം ഫലമാണ് ഈ തീരുമാനത്തിന്റെ പിറകിൽ എന്നാണ് വാർത്തകൾ. പതിനാറു ടീമുകൾ പങ്കെടുത്ത അണ്ടർ 18 ടൂർണമെന്റിൽ ഇന്ത്യ മാത്രമായിരുന്നു അണ്ടർ 17 ടീം. അതുകൊണ്ട് തന്നെ മത്സര ഫലങ്ങൾ ഇന്ത്യക്കു പ്രതികൂലമായതിൽ അത്ഭുതമുണ്ടായിരുന്നില്ല. ഫലങ്ങളോ പ്രകടനങ്ങളോ അല്ല ഈ‌ പുറത്താക്കലിനു പിന്നിൽ എന്നാണ് ഇന്ത്യം ഫുട്ബോൾ ആരാധകർ കരുതുന്നത്.

2015ൽ ഇന്ത്യയിലേക്കെത്തിയ ജർമ്മൻ സ്വദേശിയായ നിക്കോളായ് ആഡം ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങളായിരുന്നു വരുത്തിയത്. മത്സര ഫലങ്ങൾ പലപ്പോഴും എതിരായിരുന്നെങ്കിലും ഇന്ത്യൻ അണ്ടർ 17 ടീം കളിച്ച ഫുട്ബോൾ പ്രതീക്ഷ നൽകുന്നതും ലോക നിലവാരമുള്ളതുമായിരുന്നു. ഇത്ര സൗന്ദര്യമുള്ള ഫുട്ബോൾ ഇന്ത്യയുടെ ഒരു ടീമും കളിച്ചിട്ടില്ല എന്നുവരെ പറഞ്ഞാൽ തർക്കമുണ്ടാവില്ല. ഗോവയിൽ നടന്ന അണ്ടർ 16 ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിലും ഇന്ത്യൻ ടീം ആരെയും ഇഷ്ടപ്പെടുത്തുന്ന ആക്രമണ ഫുട്ബോളായിരുന്നു കാഴ്ചവെച്ചത്.

ഫലങ്ങൾ ആഡമിനെതിരായിരുന്നാലും, അദ്ദേഹത്തിനെതിരെ എന്താരോപണം ഉണ്ടായാലും അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നീക്കേണ്ട സമയം ഇതായിരുന്നില്ല എന്നാണ് ഫുട്ബോൾ ലോകത്തിന്റെ അഭിപ്രായം. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനു തയ്യാറാകുന്ന ഇന്ത്യക്ക് ഇതു ദോഷം മാത്രമേ ചെയ്യുകയുള്ളൂ.

Previous articleമലപ്പുറം ജില്ലാ എഫ്.ഡിവിഷൻ ലീഗ് ഫുട്ബോൾ ന്യൂകാസിൽ കൊട്ടപ്പുറം ജേതാക്കൾ
Next articleചാമ്പ്യന്മാർ പുറത്ത്, കോംഗോ ഉജ്ജ്വല ജയത്തോടെ ക്വാർട്ടറിൽ