ജയം തുടരാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ

- Advertisement -

ഇന്റർ കോണ്ടിനന്റൽ കപ്പിൽ വിജയം തുടരാനും ഒപ്പം ഫൈനൽ ഉറപ്പിക്കാനുമായി ഇന്ത്യൻ ടീം ഇന്ന് ന്യൂസിലാൻഡിനെ നേരിടും. ആദ്യ രണ്ട മത്സരത്തിലും വൻ വിജയം സ്വന്തമാക്കിയ ഇന്ത്യ മികച്ച ഫോമിലാണ്. തായ്‌വാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് വലിയ പരാജയം നേരിടാതിരുന്നാൽ തന്നെ ഇന്ത്യയ്ക്ക് ഫൈനൽ ബർത്ത് ഉറപ്പിക്കാം.

മികച്ച ഗോൾഡ് ഡിഫറൻസ് ഉള്ളതാണ് ഇന്ത്യയെ പരാജയത്തെ പോലും പേടിക്കേണ്ടതില്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് ന്യൂസിലാൻഡും അവസാന മത്സരത്തിൽ കെനിയയും വലിയ മാർജിനിൽ ജയിച്ചാലെ ഇന്ത്യ ഫൈനൽ കാണാതിരിക്കൂ. രണ്ട് മത്സരങ്ങളിലായി നാലു ഗോളുകൾ നേടിയ ക്യാപ്റ്റൻ ഛേത്രിയിൽ തന്നെയാണ് ഇന്നും ഇന്ത്യൻ പ്രതീക്ഷ. ഇന്ത്യയ്ക്കായി 50ആം മത്സരത്തിന് ഇറങ്ങുന്ന ജെജെയും മികച്ച ഫോമിൽ തന്നെയാണ്.

പരിക്കിന്റെ പിടിയിലായിരിക്കുന്ന അനസിന് ഇന്ന് കോൺസ്റ്റന്റൈൻ വിശ്രമം നൽകിയേക്കും. അങ്ങനെയാണെങ്കിൽ ജിങ്കനൊപ്പം സെന്റർ ബാക്കായി സുഭാഷിഷ് ബോസ് ഇറങ്ങിയേക്കും. ആഷിക് കുരുണിയൻ ഉൾപ്പെടെയുള്ള താരങ്ങളെ ആദ്യ ഇലവനിൽ എത്തിക്കാനും ഇന്ന് കോൺസ്റ്റന്റൈൻ ശ്രമിച്ചേക്കും. വൈകിട്ട് 8 മണിക്കാണ് ഇന്ന് മത്സരം. കഴിഞ്ഞ മത്സരം പോലെ ഇന്നും ഗ്യാലറി നിറയുമെന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement