ബെംഗളൂരു എഫ് സിയുടെ താളം തെറ്റിക്കാൻ ഇന്ത്യയുടെ ചാമ്പ്യൻസ് കപ്പ്

നെഹ്റു കപ്പിനു പകരമായി പ്രഖ്യാപിച്ച ,ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങൾ പങ്കെടുക്കുന്ന ഇൻവിറ്റേഷൻ ടൂർണമെന്റായ, ചാമ്പ്യൻസ് കപ്പ് ബെംഗളൂരു എഫ് സിയുടെ താളം തെറ്റിക്കും.

2012ൽ അവസാനമായി നടത്തപ്പെട്ട നെഹ്‌റു കപ്പിന് പകരമായാണ് രാജ്യാന്തര ടീമുകളെ പങ്കെടുപ്പിച്ച് പുതിയ ടൂർണമെന്റിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തയ്യാറെടുക്കുന്നത്. ചാമ്പ്യൻസ് കപ്പ് എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾ  ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. ഓഗസ്റ്റ് മാസം 18 മുതൽ 27 വരെയാണ് ടൂർണമെന്റ് നടക്കുക.  അവിടെയാണ് പ്രശ്നവുമുള്ളത്.

ബെംഗളൂരു എഫ് സിയുടെ എ ഫ് സി കപ്പ് മത്സരം ഓഗസ്റ്റ് 23ന് നടക്കാൻ ഇരിക്കുകയാണ്. ഇതിനിടയിൽ ഇങ്ങനെയൊരു ചാമ്പ്യൻസ് കപ്പ് നടക്കുന്നത് ഇന്ത്യൻ ടീമിനേയും ബെംഗളൂരു എഫ് സിയേയും ഒരു പോലെ ബാധിക്കാനാണ് സാധ്യത. ഇപ്പോൾ തന്നെ തങ്ങളുടെ മികച്ച സ്ക്വാഡിനെ ഐ എസ് എൽ പ്രവേശനത്തിനു വേണ്ടി ത്യാഗം ചെയ്ത ബെംഗളൂരു എഫ് സി ഇന്ത്യയുടെ മത്സരങ്ങൾക്കായി അവരുടെ ബാക്കിയുള്ള ദേശീയ താരങ്ങളേയും വിട്ടു കൊടുക്കേണ്ടി വന്നേക്കും. ഛേത്രി, ഉദാന്ത, ഡാനിയൽ തുടങ്ങി ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകങ്ങൾ ബെംഗളൂരു എഫ് സി ടീമിലുണ്ട്. കൊറിയൻ ക്ലബായ ‘ഏപ്രിൽ 25’ ടീമുമായാണ് ബെംഗളൂരുവിന്റെ മത്സരം. നിർണായകമായ മത്സരത്തിൽ താരങ്ങളെ നഷ്ടമാകുമോ എന്ന സംശയത്തിലാണ് ബെംഗളൂരു ഇപ്പോൾ.

ആഥിതേയരായ ഇന്ത്യയെ കൂടാതെ മൗറീഷ്യസും സെന്റ് കിറ്റ്സും ചാമ്പ്യൻസ് കപ്പിന്റെ ഭാഗമാകും. നാലാമത്തെ ടീം ഇതുവരെ തീരുമാനം ആയിട്ടില്ല. എല്ലാ രാജ്യത്തും ദേശീയ ലീഗുകൾ നടക്കുന്ന സമയത്ത് നടക്കുന്ന ടൂർണമെന്റായതിനാൽ വിദേശ ടീമുകൾ അവരുടെ മികച്ച സ്ക്വാഡിനെ അയക്കില്ലാ എന്നതും ടൂർണമെന്റിന്റെ മാറ്റു കുറച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുസാഫിർ എഫ് സിയുടെ അഭിമാനമായി ആശിഷ്, ഇനി കേരളാ ടീമിന്റെ വല കാക്കും
Next articleദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എ ടീമിനെ കാത്തിരുന്നത് ബാറ്റിംഗ് തകര്‍ച്ച