Picsart 23 03 28 19 53 18 234

ഛേത്രിയും ജിങ്കനും ഗോളടിച്ചു!! ഇന്ത്യക്ക് വിജയവും കിരീടവും

ഇന്ത്യൻ ഫുട്ബോൾ ടീം ഹീറോ ത്രിരാഷ്ട്ര ടൂർണമെന്റിൽ കിരീടം സ്വന്തമാക്കി. ഇന്ന് ഇന്ത്യക്കാൾ മികച്ച ഫിഫ റാങ്കിംഗിൽ ഉള്ള കിർഗിസ്താനെ നേരിട്ട ഇന്ത്യക്ക് ഒരു സമനില മതിയാകുമായിരുന്നു വിജയിക്കാൻ. പക്ഷെ ഇന്ത്യ വിജയത്തിനായി തന്നെ കളിക്കുകയും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു. ഇന്ത്യക്ക് ആയി ജിങ്കനും സുനിൽ ഛേത്രിയും ആണ് ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ 34ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ജിങ്കൻ ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ബ്രണ്ടൺ എടുത്ത കിക്ക് ഫാർ പോസ്റ്റിൽ എത്തിയ ജിങ്കൻ വലയിൽ എത്തിക്കുക ആയിരുന്നു. ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 84ആം മിനുട്ടിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. മഹേഷിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 85ആം ഗോളായിരുന്നു ഇത്. ഈ ഗോൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മ്യാന്മാറിനെയും തോൽപ്പിച്ചിരുന്നു‌‌. സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. നേരത്തെ ഇന്ത്യ സാഫ് കപ്പും സ്റ്റിമാചിന്റെ കീഴിൽ നേടിയിരുന്നു.

Exit mobile version