ഗോള്‍ വര്‍ഷത്തിനൊടുവില്‍ ഇന്ത്യന്‍ ജയം

- Advertisement -

ഗോള്‍ മഴ കണ്ട മത്സരത്തില്‍ ഇന്ത്യന്‍ U-16 ടീമിനു തജിക്കിസ്ഥാനെതിരെ ജയം. 4-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ യുവനിരയുടെ വിജയം. ചതുര്‍ രാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ 3-0 എന്ന സ്കോറിനു ആദ്യ പത്ത് മിനുട്ടുകളില്‍ തന്നെ ലീഡ് നേടിയെങ്കിലും മിനുട്ടുകള്‍ക്കകം രണ്ട് ഗോളുകള്‍ തജിക്കിസ്ഥാന്‍ മടക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ 15 മിനുട്ടില്‍ 5 ഗോളുകള്‍ പിറന്ന ശേഷം ആദ്യ പകുതിയില്‍ പിന്നീട് ഗോളുകള്‍ വീണില്ല. പകുതി സമയത്ത് ഇന്ത്യ 3-2നു ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയ്ക്ക് ശേഷം ഒരു ഗോള്‍ കൂടി നേടി ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു.

അഞ്ചാം മിനുട്ടില്‍ ഗിബ്സണ്‍ ആണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനുട്ടുകള്‍ക്കപ്പുറം സൈലോ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. ഒമ്പതാം മിനുട്ടില്‍ ഷബാജ് ഇന്ത്യയുടെ ലീഡ് മൂന്ന് ഗോളുകളായി ഉയര്‍ത്തി. മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം പെനാള്‍ട്ടിയിലൂടെ തജിക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കി. പതിനഞ്ചാം മിനുട്ടില്‍ രണ്ടാം ഗോളും എതിരാളികള്‍ നേടി.

മത്സരത്തിന്റെ 66ാം മിനുട്ടില്‍ രോഹിത് ധനു ആണ് ഇന്ത്യയുടെ നാലാം ഗോള്‍ നേടിയത്. പിന്നീട് മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ഇന്ത്യ 4-2  എന്ന സ്കോറിനു മികച്ച ജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement