ക്രിക്കറ്റിനു വേണ്ടി ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യതാ മത്സരം മാറ്റിവെച്ച് എ ഐ എഫ് എഫ്

ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യയുടെ കുതിപ്പ് കണ്ട് ഫുട്ബോൾ ആരാധകർ സന്തോഷിച്ച് ഇരിക്കെ വീണ്ടും ഫുട്ബോളിനെ പിറകോട്ട് വലിക്കുന്ന നടപടികളുമായി എ ഐ എഫ് എഫ്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ ഇതുവരെയുള്ള മത്സരങ്ങളിൽ മൂന്നും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതു നിൽക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ നാലാം മത്സരം ഒക്ടോബർ 10ന് ബാംഗ്ലൂർ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് നടക്കാനിരിക്കെ ഇന്ത്യൻ ഫുട്ബോൾ ഒരു അനാവശ്യ വിവാദത്തിൽ പെട്ടിരിക്കുകയാണ്. അന്ന് തന്നെ ഇന്ത്യൻ ടീമിന്റെ ടി20 ക്രിക്കറ്റ് മത്സരം ഓസ്ട്രേലിയയുമായി നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഫുട്ബോൾ മത്സരം ഒക്ടോബർ പതിനൊന്നിലേക്ക് മാറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ.

കാരണം സാങ്കേതികമാണെന്ന് എ ഐ എഫ് എഫ് പറയുന്നുണ്ട് എങ്കിലും യഥാർത്ഥ കാരണം വ്യക്തമാണ്. ക്രിക്കറ്റ് നടക്കുന്നതിനാൽ ഫുട്ബോൾ മത്സരത്തിന് കാഴ്ചക്കാർ ഉണ്ടാകില്ല എന്നതു കൊണ്ട് ഫുട്ബോൾ   സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ സ്വാധീനം ചെലുത്തിയതാണ് മത്സരം മാറ്റാനുള്ള തീരുമാനത്തിലെത്തിച്ചത്.

ഗ്രൂപ്പിലെ നാലാം മത്സരത്തിൽ മക്കാവോയെ ആണ് ഇന്ത്യ നേരിടേണ്ടത്. മക്കാവോയിൽ വച്ച് കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ മകാവോയെ 2-0 ന് തോല്പിച്ചിരുന്നു. മൂന്നു മത്സരവും ജയിച്ച ഇന്ത്യ ഏഷ്യാകപ്പ് യോഗ്യതയ്ക്ക് അരികിലാണ്.
24 കൊല്ലത്തിന് ശേഷം 2011ൽ ആണ് ഇന്ത്യ അവസാനം ഏഷ്യ കപ്പിൽ യോഗ്യത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial