69000 കാണികൾക്കു മുന്നിൽ ഇന്ത്യ കംബോഡിയക്കെതിരെ, അനസും വിനീതും ഇറങ്ങും

കംബോഡിയക്കെതിരെ ബുധനാഴ്ച ഇന്ത്യ ഇറങ്ങുമ്പോൾ 69000 വരുന്ന കാണികളാൽ കംബോഡിയ സ്റ്റേഡിയം നിറഞ്ഞിരിക്കും. അവസാന അഞ്ചു മത്സരങ്ങളും പരാജയപ്പെട്ട് വളരെ മോശം ഫോമിലാണ് എങ്കിൽ പോലും മത്സരത്തിന് മൂന്നു ദിവസം മുമ്പു തന്നെ മുഴുവൻ ടിക്കറ്റുകളും കംബോഡിയയിൽ വിറ്റു പോയി. റാങ്കിംഗിൽ 173ാം സ്ഥാനത്തുള്ള കംബോഡിയ ഇന്ത്യക്കു വെല്ലുവിളിയാകുന്നുണ്ട് എങ്കിൽ അത് കാണികളുടെ പിന്തുണ കൊണ്ട് മാത്രമാകും.

അവസാന അഞ്ചു മത്സരങ്ങളിൽ അഞ്ചു പരാജയങ്ങളാണ് കംബോഡിയക്കെങ്കിൽ ഇന്ത്യക്ക് അവസാന അഞ്ചിൽ നാലും വിജയങ്ങളാണ്. ആകെ പരാജയമറിഞ്ഞത് കഴിഞ്ഞ മാർച്ചിൽ തുർക്കിമെനിസ്ഥാനോടായിരുന്നു. മ്യാന്മാറിനെതിരെ 28ന് നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനു മുന്നേയുള്ള അവസാന ഒരുക്കം കൂടിയാണ് ഇന്ത്യക്ക് ഈ മത്സരം. മലയാളി താരങ്ങളായ അനസിനു വിനീതിനും കംബോഡിയക്കെതിരെ ആദ്യ ഇലവനിൽ തന്നെ സ്ഥാനം ലഭിച്ചേക്കാം. ജിംഗന്റെയും അർണബ് മൊണ്ടാലിന്റേയും സമീപകാലത്തെ മോശം ഫോം അനസിന് തന്റെ ഇന്ത്യൻ ജേഴ്സിയിലെ കന്നി മത്സരത്തിനുള്ള അനുകൂല ഘടകമാകും.

ഛേത്രിയും ഉദാന്തയും ലിംഗ്ദോഹും തുടങ്ങി ബെംഗുളൂരു എഫ് സിയുടെ താരങ്ങളാണ് ഇന്ത്യയുടെ ആക്രമണ ചുമത ഏറ്റെടുക്കുന്നത് എന്നതു കൊണ്ടു തന്നെ വിനീതും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലിരിക്കുന്ന വിനീത് ഇന്ത്യൻ ജേഴ്സിയിലും ഗോളുകൾ അടിച്ചു കൂട്ടുന്നത് കാണാൻ കേരളക്കര കാത്തിരിക്കുകയാണ്. യുവതാരം ജെറിയും അനസിനെ കൂടാതെ ബുധനാഴ്ച ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും.

ഇന്ത്യയും കംബോഡിയയും ഇതിനുമുമ്പ് ഒരുതവണ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ അന്ന് എതിരില്ലാത്ത ആറു ഗോളിന്റെ തകർപ്പൻ ജയമായിരുന്നു ഇന്ത്യക്ക്. തീർത്തും യുവനിരയുമായാണ് ഇന്ത്യക്കെതിരെ കംബോഡിയ ഇറങ്ങാൻ പോകുന്നത്. 7 അണ്ടർ 20 താരങ്ങളുള്ള ടീമിലെ ഏറ്റവും പ്രായം കൂടിയതാരം 28 വയസ്സുള്ള സ്ട്രൈക്കർ ലബോറവി ആണ്.

ബുധനാഴ്ച വൈകിട്ട് ഇന്ത്യൻ സമയം അഞ്ചു മണിക്കാണ് മത്സരം. കംബോഡിയ ടി വിയിൽ തത്സമയം മത്സരമുള്ളതു കൊണ്ടു തന്നെ ലൈവ് സ്ട്രീമിംഗ് വഴി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും മത്സരം കാണാനാകുമെന്നാണ് പ്രതീക്ഷ.