സെവനപ്പുമായി ഗോകുലം കേരള ഐ എഫ് എ ഷീൽഡ് ആരംഭിച്ചു

ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലത്തിന് ഐ എഫ് എ ഷീൽഡിൽ മികച്ച തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കിദ്ദെർപൂരിനെ നേരിട്ട ഗോകുലം എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഗോകുലം ലീഡ് എടുത്തത്. ആദ്യ പകുതി 1-0ന് തന്നെ അവസാനിച്ചു. രണ്ടാം പകുതിയിൽ പക്ഷെ ഗോകുലം കൂടുതൽ അറ്റാക്ക് ചെയ്ത് കൊൽക്കത്തൻ ക്ലബിന്റെ വല നിറച്ചു.

റഹീം ഒസുമാനുവും റൊണാൾഡ് സിങും രണ്ടാം പകുതിയിൽ ഇരട്ട ഗോളുകളുമായി തിളങ്ങി. അഭിജിത്ത്, ബരെറ്റോ എന്നിവരും ഗോകുലത്തിനായി ഗോൾ നേടി. നവംബർ 29ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോകുലം ബി എസ് എസ് സ്പോർട്സിനെ നേരിടും.