താണ്ഡവമാടി ഡെന്നീസും ഗോകുലവും, ഐ എഫ് എ ഷീൽഡ് ക്വാർട്ടർ ഉറപ്പിച്ച് കേരളത്തിന്റെ ക്ലബ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളയുടെ പുതിയ സീസൺ ഇന്നാണ് യഥാർത്ഥത്തിൽ തുടങ്ങിയത് എന്ന് പറയാം. ഐ എഫ് എ ഷീൽഡിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള യുണൈറ്റഡ് സ്പോർട്സിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിന്റെ ക്ഷീണം കൂടെ ഇന്ന് ഗോകുലം കേരള വീട്ടി. ഇന്ന് തങ്ങളുടെ സീസണിൽ ആദ്യ വിജയം ഗോകുലം സ്വന്തമാക്കി. ബി എസ് എസ് സ്പോർടിനെ നേരിട്ട ഗോകുലം കേരള രണ്ടിനെതിരെ ഏഴു ഗോളുകളുടെ വമ്പൻ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്.

ഘാന താരം ഡെന്നിസ് ആന്റ്വിയുടെ തകർപ്പൻ പ്രകടനം ആണ് ഗോകുലത്തിന് മിന്നും ജയം നൽകിയത്. നാലു ഗോളുകളും നേടിയത് ഡെന്നിസ് ആയിരുന്നു. ആദ്യ 21 മിനുട്ടിൽ തന്നെ ഡെന്നിസ് ഹാട്രിക്ക് നേടിയിരുന്നു. മത്സരത്തിന്റെ ആറാം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ. പെനാൾട്ടി ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ച് ഡെന്നിസ് ഗോകുലത്തിന്റെ സീസണിലെ ആദ്യ ഗോൾ നേടി.

11ആം മിനുട്ടിൽ ആയിരുന്നു രണ്ടാം ഗോൾ‌. നവോച വിങ്ങിൽ നിന്ന് നൽകിയ ത്രൂ പാസ് സ്വീകരിച്ച ഡെന്നിസ് ഡിഫൻസിനെ കബളിപ്പിച്ച് ടൈറ്റായ ആങ്കിളിൽ നിന്ന് പന്ത് വലയിൽ എത്തിച്ചു. 21ആം മിനുട്ടിൽ റാഷ്ദിന്റെ പാസിൽ നിന്നാണ് ഡെന്നിസ് മൂന്നാം ഗോൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ നിരവധി അവസരങ്ങൾ പിന്നെയും ലഭിച്ചു എങ്കിലും ഗോകുലത്തിന്റെ നാലാം ഗോൾ പിറന്നില്ല.

രണ്ടാം പകുതിയിൽ പക്ഷെ നാലാം ഗോൾ വന്നു. ഇത്തവണ ഡെന്നിസിന് പണി കുറവായിരുന്നു. ജിതിന്റെ ഒരു ഗംഭീര അസിസ്റ്റ് തൊട്ടുകൊടുക്കേണ്ട പണിയെ ഡെന്നിസിന് ഉണ്ടായിരുന്നുള്ളൂ. 47ആം മിനുട്ടിൽ 4-0ന് മുന്നിൽ. 70ആം മിനുട്ടിൽ മലയാളി താരം ഷിബിലിന്റെ സ്ട്രൈക്കിലൂടെ ഗോകുലം കേരള അഞ്ചാം ഗോൾ കണ്ടെത്തി. 75ആം മിനുട്ടിൽ ജിതിനും ഗോൾ നേടി. ഇതിനിടയിൽ ഒരു കൗണ്ടറിലൂടെ ബി എസ് എസ് സ്പോർടിന് ഒരു ഗോൾ നേടനായി. 76 മിനുട്ടിലേക്ക് കളി 6-1 എന്ന നിലയിൽ ആയി.

77ആം മിനുട്ടിൽ ഒരു ഗോൾ കൂടെ മടക്കി കൊൽക്കത്തൻ ക്ലബ് കളി ആവേശത്തിലാക്കി. എങ്കിലും വിജയം അവർക്ക് ബഹുദൂരം അകലെ ആയിരുന്നു. 83ആം മിനുട്ടിൽ സലിയു ഗോകുലത്തിന്റെ ഏഴാം ഗോളും നേടി. സ്കോർ 7-2 എന്നായി.

ഈ വിജയത്തോടെ ഗ്രൂപ്പ് ഡിയിലെ റണ്ണേഴ്സ് അപ്പായാണ് ഗോകുലം ക്വാർട്ടറിലേക്ക് പോകുന്നത്. രണ്ട മത്സരങ്ങളും ജയിച്ച് ആറു പോയിന്റുമായി യുണൈറ്റഡ് സ്പോർട്സ് ആണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരെ ആകും ഗോകുലം കേരള ക്വാർട്ടറിൽ നേരിടുക. ഈ ടൂർണമെന്റിലെ മറ്റൊരു വൻ ശക്തികളായ മൊഹമ്മദൻസ് ആണ് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാർ.