ഇബ്രാഹിമോവിച്ച്‌ ഹീറോ..  ലീഗ് കപ്പ് യുണൈറ്റഡിന് 

- Advertisement -

87ആം മിനുട്ടിൽ നേടിയ വിജയ ഗോളടക്കം രണ്ടു ഗോൾ നേടിയ ഇബ്രാഹിമോവിച്ചിന്റെ മികവിൽ പൊരുതി നിന്ന സൗത്താംപ്ടണെ  2 നെതിരെ 3 ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്  ലീഗ് കപ്പ് കിരീടം.  എക്സ്ട്രാ ടൈമിലേക്കു കളി നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിലാണ് വെംബ്ലിയെ പുളകം കൊള്ളിച്ച ഗോളിലൂടെ  ഇബ്രാഹിമോവിച്ച് യുണൈറ്റഡിന് കിരീടം നേടി കൊടുത്തത്.

തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൗത്താംപ്ടൺ ഗബ്ബിഡിനിയിലൂടെ ഗോൾ നേടിയെങ്കിലും റഫറിയുടെ തെറ്റായ തീരുമാനം അവർ അർഹിച്ച ഗോൾ നിഷേധിച്ചു.   19ആം മിനുട്ടിൽ ഗോൾ പോസ്റ്റിനു 25 വാര അകലെ നിന്ന്  ആന്ദ്രേ ഹെരേരയെ ഫൗൾ ചെയ്തതിനു യുണൈറ്റഡിന് ലഭിച്ച ഫ്രീ കിക്ക്‌  ഇബ്രാഹിമോവിച്ച് സൗത്താംപ്ടൺ ഗോൾ കീപ്പർ ഫോസ്റ്റർക്കു ഒരു അവസരവും നൽകാതെ വലയിലെത്തിച്ചു.  ആദ്യ പകുതി അവസാനിക്കാൻ 7 മിനിട്ടു ബാക്കി നിൽക്കെ ജെസ്സെ ലിംഗാർഡ് യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി.  മികച്ച ഒരു ടീം പ്ലേയിലൂടെ ആയിരുന്നു യുണൈറ്റഡിന്റെ ഗോൾ. മാറ്റയും മാർഷ്യലും റോജയും ചേർന്ന് നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സൗത്താംപ്ടൺ  ഗോൾ തിരിച്ചടിച്ചു മത്സരത്തിലേക്ക് തിരിച്ചു വന്നു.  കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗബ്ബിഡിനിയിലൂടെയാണ് സൗത്താംപ്ടൺ ഗോൾ മടക്കിയത്. രണ്ടാം പകുതി ആരംഭിച്ചു മൂന്നാം മിനുട്ടിൽ തന്നെ സൗത്താംപ്ടൺ സമനില നേടി. ഗബ്ബിഡിനി തന്നെയായിരുന്നു സൗത്താംപ്ടന്റെ  രണ്ടാമത്തെ ഗോളും നേടിയത്.  1976നു ശേഷം ഒരു കപ്പ് നേടാനായി സൗത്താംപ്ടൺ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവർ സൃഷിട്ടിച്ച അവസരങ്ങൾ മുതലാക്കാൻ  അവർക്കായില്ല.  കളി തീരാൻ മൂന്ന് മിനുട്ട് ബാക്കി നിൽക്കെ ഇബ്രാഹിമോവിച്ഛ് സൗത്താംപ്ടന്റെ കിരീട മോഹങ്ങളെ തല്ലിക്കെടുത്തി ഒരു മികച്ച ഹെഡറിലൂടെ വിജയ ഗോൾ നേടി .

പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ  പുറത്തിരുന്ന റൂണി ബെഞ്ചിൽ തന്നെയായിരുന്നു.  മൗറിഞ്ഞോക്ക് ഇത് 13മത്തെ ഫൈനലിൽ 11 മത്തെ വിജയമായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും വിജയക്കിനാവാത്തതു സൗത്താംപ്ടൺ താരങ്ങളെ വേട്ടയാടും.

Advertisement