ഐ ലീഗിൽ ഇന്ന് ആദ്യ പോരാട്ടം; മിനേർവ പഞ്ചാബ് മോഹൻ ബഗാനെതിരെ

- Advertisement -

ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗ് ആയ ഐ ലീഗിൽ ഇന്ന് പന്തുരുളും. ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടൂർണമെന്റ് ഫേവറൈറ്റ്കളും മുൻ ചാംപ്യന്മാരുമായ മോഹൻ ബഗാൻ പഞ്ചാബിന്റെ കരുത്തുമായി എത്തുന്ന മിനേർവയെ നേരിടും.

കഴിഞ്ഞ വർഷത്തെ വമ്പൻ സ്രാവുകളുടെ അന്നം മുടക്കികളായിരുന്നു മിനേർവ പഞ്ചാബ്, മികച്ച പോരാട്ട വീര്യം കാണിച്ച മിനേർവ കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത് എങ്കിലും ഇപ്രാവശ്യം മിനേർവയും രഞ്ജിത്ത് ബജാജ് ഐ ലീഗിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ വേണ്ടി കരുതിയാണ് ഇറങ്ങുന്നത്. പഞ്ചാബ് സ്റ്റേറ്റ് ലീഗിലും പ്രീസീസണിലും മികച്ച പ്രകടനം ആണ് മിനേർവ കാഴ്ചവെച്ചത്. പ്രീസീസണിൽ കരുത്തരായ ബെംഗളൂരു എഫ്‌സിയെ തോൽപ്പിക്കുകയും ചെയ്ത മിനേർവ മികച്ച ഫോമിൽ ആണ്. ട്രാൻസ്‌ഫർ വിൻഡോയിൽ തങ്ങളുടെ അക്കാദമി താരങ്ങളായ, അണ്ടർ പതിനേഴ് ലോകകപ്പിലെ താരങ്ങളായ അൻവർ അലി, ജാക്സൺ സിങ് തുടങ്ങിയവരെ ആരോസ് കൊണ്ടുപോയി എങ്കിലും ഭൂട്ടാൻ ദേശീയ ടീമിലെ ചെഞ്ചോ അടക്കം മികച്ച വിദേശ സൈനിംഗുകൾ നടത്തിയ മിനേർവ ശക്തരാണ്.

ഇന്ന് ശക്തരായ മോഹൻ ബഗാനെതിരെ വിജയിക്കാൻ തന്നെയാവും മിനേർവ ഇറങ്ങുക. പ്രീസീസണിൽ എന്നപോലെ 4-4-2 ഫോർമേഷനിൽ ആയിരിക്കും മിനേർവ കളിക്കുക.

മിനേർവ സാധ്യത ഇലവൻ: അർഷദീപ്, രാമന്ദീപ്, തോശിയ, ഗുർജിന്ദർ, അർഷ്പ്രീത്, വില്യം ഓപോക്കു, ഐദാര, നാഡോംഗ്, ചെഞ്ചോ , ദിമിത്രി, കൃഷ്ണ.

കഴിഞ്ഞ വർഷം ലീഗ് കിരീടം അവസാന നിമിഷം ഐസോളിന് കൈവിട്ട മോഹൻ ബഗാൻ കിരീടം നേടാൻ ഉറച്ചു തന്നെയാവും ഇപ്രാവശ്യം ഇറങ്ങുന്നത്. കൊൽക്കത്ത ലീഗിലും പ്രീസീസൻ മത്സരങ്ങളിലും തിരിച്ചടികൾ ഏറ്റെങ്കിലും ഇന്നത്തെ മത്സരത്തിൽ സാധ്യതകൾ ബഗാന് തന്നെയാണ്. കഴിഞ്ഞ വർഷത്തെ ലീഗ് ടോപ്പ് സ്‌കോറർ ആയ ഡിപാന്ത ഇപ്രാവശ്യം ബഗാനു വേണ്ടിയാവും ഇറങ്ങുക, കൂടെ സോണി നോർദേ കൂടെ എത്തുമ്പോൾ ആക്രമണ നിര ശക്തമാവും.

മോഹൻ ബഗാൻ സാധ്യത ഇലവൻ: ഷിൽട്ടൺ ദേബബ്രത, കിംഗ്ഷുക്ക്, കിങ്സ്ലി, ഗുർജിന്ദർ, ഡിയോഗോ, യൂട്ട, ഷിൽട്ടൻ ഡി സിൽവ, നോർദേ, ദീപന്ദ, അസ്ഹറുദ്ദീൻ

തങ്ങളുടെ ഹോം ഗ്രൗണ്ടിൽ പഞ്ചാബിന്റെ ശക്തി തെളിയിക്കാൻ മിനേർവയും മോഹൻ ബഗാനും ഇറങ്ങുമ്പോൾ മത്സരം പൊടിപാറുമെന്നുറപ്പാണ്. ഇന്ത്യൻ സമയം വൈകുന്നേരം 5.30ന് ആണ് കിക്കോഫ്. മത്സരം തത്സമയം സ്റ്റാർ നെറ്റവർകിൽ കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement