വനിതാ ഐ ലീഗിന് തുടക്കം, ആദ്യ വിജയം റൈസിംഗ് സ്റ്റുഡൻസ് ക്ലബിന്

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ വനിതാ ഐ ലീഗിന് ഡൽഹിയിൽ തുടക്കം കുറിച്ചു. ഒഡീഷയിൽ നടന്ന രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിൽ നിന്ന് യോഗ്യത നേടിയ നാലു ടീമുകൾ (അലക്പുര എഫ് സി, റൈസിംഗ് സ്റ്റുഡന്റ്സ്, ജെപിയാർ ഇൻസ്റ്റിറ്റ്യൂട്ട് , ഈസ്റ്റേൺ സ്പോർട്ടിംഗ് യൂണിയൻ) പിന്നെ ഐ ലീഗിൽ നിന്ന് ഐസ്വാൾ എഫ് സി, ഐ എസ് എൽ ക്ലബായ പൂനെ സിറ്റി എന്നീ ആറു ടീമുകളാണ് ഫൈനൽ റൗണ്ടിൽ ഇറങ്ങുന്നത്. ഐ ലീഗ് , ഐ എസ് എൽ ക്ലബുകൾ അടങ്ങുന്ന 10 ടീമുകൾ ഉള്ള വനിതാ ലീഗായിരുന്നു ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരുന്നത്. ഐസ്വാൾ എഫ് സിയും പൂനെ സിറ്റിയും അല്ലാതെയുള്ള ഐ ലീഗ് ഐ എസ്എൽ ക്ലബുകൾ മുന്നോട്ടു വരാതിരുന്നതിനാൽ ലീഗ് ആറു ടീമുകളിലേക്ക് ചുരുങ്ങുകയായിരുന്നു.

മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക്‌ പേജില്‍ തത്സമയം കാണാവുന്നതാണ്.

റൈസിംഗ് സ്റ്റുഡൻസ് 6-1 ഐസ്വാൾ എഫ്‌സി

ഇന്ന് രാവിലെ നടന്ന ആദ്യ മത്സരത്തിൽ റൈസിംഗ് സ്റ്റുഡൻസ് ഐസ്വാൾ എഫ്‌സിയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്തു. തുടക്കം മുതൽ തന്നെ  ശക്തമായ ആധിപത്യം പുലർത്തിയ റൈസിംഗ് സ്റ്റുഡൻസ് മികച്ച കളിയാണ് പുറത്തെടുത്തത്. പാസിങ്ങിലും ഡ്രിബിളിംഗിലും എല്ലാം റൈസിംഗ് സ്റ്റുഡൻസ് മികച്ചു നിന്നു.

തുടക്കത്തിൽ തന്നെ ഐസ്വാൾ ലീഡ് എടുക്കുന്നതാണ് കണ്ടത്, 8ആം മിനിറ്റിൽ വലത് മൂലയിൽ നിന്നും ലഭിച്ച പന്ത് എലിസബത്ത് വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഐസ്വാളിന്റെ ലീഡിന് അധിക സമയം ആയുസുണ്ടായിരുന്നില്ല, 13ആം മിനിറ്റിൽ അഞ്ചു തമൻ ഗോൾ തിരിച്ചടിച്ചു സമനിലയാക്കി. തുടർന്ന് മല്സരത്തിണ്റ്റെ നിയന്ത്രണം ഏറ്റെടുത്ത റൈസിംഗ് സ്റ്റുഡൻസ് 23ആം മിനിറ്റിൽ പ്യാരിയിലൂടെ ലീഡ് എടുത്തു. ലീഡ് മൂന്നാക്കി ഉയർത്താനുള്ള റൈസിംഗ് സ്റ്റുഡൻസിന്റെ അവസരം ഐസ്വാളിന്റെ ഗോൾ കീപ്പർ ലാൽഹുറൈസിലിയുടെ അവസരോചിതമായ ഒരു സേവിലൂടെ നഷ്ടമായി. എന്നിരുന്നാലും ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ റൈസിംഗ് സ്റ്റുഡൻസ് ഗോൾ നില 3-1 ആക്കി, 41ആം മിനിറ്റിൽ സസ്മിതയിലൂടെ.

റൈസിംഗിന് വേണ്ടി സസ്മിത ഗോള്‍ നേടുന്നു. 11ആം നമ്പര്‍

രണ്ടാം പകുതിയിലും റൈസിംഗ് സ്റ്റുഡൻസിന്റെ ആധ്യപത്യം ആയിരുന്നു, ഒരു ഘട്ടത്തിൽ പോലും റൈസിംഗ് സ്റ്റുഡൻസിനു വെല്ലുവിളി ഉയർത്താൻ ഐസ്വാളിനു കഴിഞ്ഞില്ല. തുടർന്ന് 77ആം മിനിറ്റിലും 82 ആം മിനിറ്റിലും ഗോൾ കണ്ടെത്തി സസ്മിത ഹാട്രിക് തികച്ചു. 85ആം മിനിറ്റിൽ അഞ്ചു വീണ്ടും ഗോൾ നേടി സ്‌കോർ പട്ടിക തികച്ചു. വേണ്ടത്ര പരിശീലനമില്ലാത്തതിന്റെയും മത്സര പരിചയം ഇല്ലാത്തതും ഐസ്വാളിന്റെ പ്രകടനത്തിൽ കാണാമായിരുന്നു.

പരിതാപകരമായ ഗ്രൌണ്ട്

തികച്ചും ശോകനീയമായ ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്. അംബേദ്ക്കർ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന് സംസ്ഥാന തലത്തിൽ ഉള്ള ഒരു മത്സരം നടത്താനുള്ള നിലവാരം കൂടെയില്ല എന്നത് എടുത്തു പറയേണ്ടതാണ്. മഴയിൽ ചെളികുളമായ അവസ്ഥയാണ് ഗ്രൗണ്ടിനുള്ളത്. പല താരങ്ങളും കളിക്കിടയിൽ ഗ്രൗണ്ടിൽ വീഴുന്നത് കാണാമായിരുന്നു, പലർക്കും സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലീഗിലെ മത്സരങ്ങൾ മുഴുവൻ ഈ ഗ്രൗണ്ടിൽ ആണ് നടക്കുന്നത് എന്നതിനാൽ ഗ്രൗണ്ടിന്റെ അവസ്ഥ ഇനിയും പരിതാപകരം ആവാൻ ഇടയുണ്ട്.

Previous articleഏഷ്യയുടെ ന്യൂക്ലിയർ പവർ; പാർക് ജി സുങ്!!!!
Next articleസോക്കർ സിറ്റിക്ക് രണ്ടാം പിറന്നാൾ