സോണി നോർദെ തിരിച്ചെത്തി, സ്വീകരിക്കാൻ അർദ്ധരാത്രി വിമാനത്താവളത്തിൽ ആയിരങ്ങൾ

- Advertisement -

പരിക്ക് കാരണം കഴിഞ്ഞ സീസൺ തുടക്കത്തിൽ മോഹൻ ബഗാൻ വിടേണ്ടി വന്നിരുന്ന വിദേശ താരം സോണി നോർദെ കൊൽക്കത്തയിൽ തിരിച്ചെത്തി. 9 മാസത്തെ ഇടവേള കഴിഞ്ഞ കൊൽക്കത്തയിൽ എത്തിയ നോർദയെ വരവേൽക്കാൻ ആയിരകണക്കിന് മോഹൻ ബഗാൻ ആരാധകരാണ് ഇന്നലെ വിമാനതാവളത്തിൽ എത്തിയത്. പുലർച്ചെ 2 മണിക്കായിരുന്നു നോർദെ വിമാനം ഇറങ്ങിയത്.

മോഹൻ ബഗാൻ ക്ലബ് ഉടമകൾ അടക്കം താരത്തെ സ്വീകരിക്കാൻ എത്തി. ആരാധകർ സോണി നോർദെയുടെ പേരിലുള്ള ചാന്റ്സും പാടി കൈയിൽ ബാന്നേർസും കൊടികളും ഒക്കെ ആയാണ് നോർദയുടെ തിരിച്ചുവരവ് ആഘോഷമാക്കിയത്. തന്നോട് ആരാധകർ കാണിക്കുന്ന സ്നേഹം കണ്ട് നോർദെ വിതുമ്പിയാണ് വിമാന താവളം വിട്ടത്.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ഐ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള പുതിയ കരാറിന് നോർദയെ ബഗാൻ സ്വന്തമാക്കിയതായിരുന്നു. പക്ഷെ ഡിസംബറിൽ പരിക്കേറ്റ നോർദയ്ക്ക് പിന്നെ കളിക്കാനായില്ല. പരിക്കേറ്റത് കൊണ്ട് തനിക്ക് ബാക്കി ശംബളം വേണ്ട എന്ന് പറഞ്ഞ ചികിത്സക്കായി വിദേശത്ത് പോവുകയായിരുന്നു നോർദെ. പരിക്ക് മാറിയാൽ തിരികെ വരും എന്നും മോഹൻ ബഗാന്റെ സ്നേഹത്തിന് തന്നാലാവുന്നത് തിരിച്ച് ചെയ്യുമെന്നും നോർദെ പറഞ്ഞിരുന്നു.

താരം മോഹൻ ബഗാനൊപ്പം ഇന്നു മുതൽ പരിശീലനം ആരംഭിക്കും. ഫിറ്റ്നെസ് ടെസ്റ്റിൽ വിജയിക്കുകയാണെങ്കിൽ നോർദയെ ഐ ലീഗ് സ്ക്വാഡിൽ ബഗാൻ ഉൾപ്പെടുത്തും.

Advertisement