
തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം തുടർച്ചയായ മൂന്ന് വിജയങ്ങൾ, ഐ ലീഗിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് ഷില്ലോങ് ലജോങ് എഫ്സി. മികച്ച ഫോമിലുള്ള ഡിപാന്ത ഡിക്കയുടെ ഇരട്ട ഗോളിൽ ചെന്നൈ സിറ്റിയെ മറികടന്ന് ഷില്ലോങ് ലജോങ് എഫ്സി ഐ ലീഗിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയത്.
19ആം മിനിറ്റിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്, ഇസക്കിന്റെ മികച്ചൊരു ക്രോസിൽ ക്ലിനിക്കൽ ഹെഡറുമായി ഡിപാന്ത ഡിക്ക വലകുലുക്കി. ഗോൾ നേടിയതോടെ കളിയുടെ നിയന്ത്രണം ലജോങ് ഏറ്റെടുത്തു. ആദ്യ പകുതിയിൽ ഒരിക്കൽ പോലും ലജോങിന് വെല്ലുവിളി ആവാൻ ചെന്നൈക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയുടെ അവസാനം ചെന്നൈ സ്ട്രൈക്കർ ചാൾസിന് ഒരു അവസരം ലഭിച്ചിരുന്നു എങ്കിൽ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
64ആം മിനിറ്റിൽ ഡിപാന്ത ഡിക്ക തന്നെ വീണ്ടും ലജോങിന് വേണ്ടി വല കുലുക്കി തന്റെ ഗോൾ നേട്ടവും ടീമിന്റെ ലീഡും ഇരട്ടിയാക്കി. 85ആം മിനിറ്റിൽ ആണ് ചെന്നൈ സിറ്റിയുടെ മത്സരത്തിലെ മികച്ച അവസരം വന്നത്. നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രം ചാള്സിന്റെ ഷോട്ട് ഗോൾ പോസ്റ്റിന് വെളിയിലൂടെ പോയി. ലജോങിന് എതിരില്ലാത്ത 2 ഗോളിന്റെ വിജയം.
വിജയത്തോടെ ഷില്ലോങ് ലജോങ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ഡിപാന്തയുടെ സീസണിലെ ഗോൾ നേട്ടം അഞ്ചായി ഉയർന്ന് ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ വിനീതിനൊപ്പം ഒന്നാം സ്ഥാനത്ത് എത്തി.