കളിക്കാൻ ഗ്രൗണ്ട് നൽകുന്നില്ല, ഈസ്റ്റ് ബംഗാൾ ഐസോൾ മത്സരം പ്രതിസന്ധിയിൽ

ഐ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രശ്നങ്ങൾ എത്തിയിരിക്കുകയാണ്. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിൽ തന്നെ മൂന്നു പോയന്റ് വാക്കോവറിൽ നഷ്ടമായേക്കും എന്നാണ് സൂചനകൾ. ഈസ്റ്റ് ബംഗാളിന് ആദ്യ മത്സരത്തിനായി ബംഗാൾ ഗവൺമെന്റ് സോൾട്ട് ലേക് സ്റ്റേഡിയം വിട്ടുനൽകുന്നില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം.

നവംബർ 28ന് സ്വന്തം ഹോം ഗ്രൗണ്ടിൽ ഐസോളിനെ ആണ് ഈസ്റ്റ് ബംഗാൾ നേരിടേണ്ടത്. എന്നാൽ ഹോം ഗ്രൗണ്ടായി നിശ്ചയിച്ചിരിക്കുന്ന വൈ ബി കെ സ്റ്റേഡിയം വിട്ടുനൽകില്ല എന്നാണ് ഗവണ്മെന്റ് അറിയിച്ചിരിക്കുന്നത്. ഐ ലീഗ് നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസം ഐ എസ് എല്ലിൽ മത്സരമുണ്ട് എന്നതാണ് കാരണം. രണ്ട് ദിവസങ്ങളിൽ തുടർച്ചയായി മത്സരം നടത്താൻ പറ്റില്ല എന്നാണ് സ്റ്റേഡിയം അധികൃതർ പറയുന്നത്.

എന്നാൽ അണ്ടർ പതിനേഴ് ലോകകപ്പ് സമയത്ത് തുടർദിവങ്ങളിൽ മത്സരങ്ങൾ നടന്നിട്ടുണ്ടല്ലോ എന്നാണ് ഈസ്റ്റ് ബംഗാളിന്റെ ചോദ്യം. മത്സരം വൈ ബി കെയിൽ നിന്ന് മാറ്റാൻ ഈസ്റ്റ് ബംഗാൾ ബോർഡ് എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടു എങ്കിലും അവസാന നിമിഷങ്ങളിൽ അത് പറ്റില്ല എന്നാണ് എ ഐ എഫ് എഫ് പറയുന്നത്. ടെലിവിഷൻ സംപ്രേഷണത്തിന് ഇത് തടസ്സമാകും എന്നാണ് എ ഐ എഫ് എഫ് പറയുന്ന കാരണം.

മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാനും ആൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സമ്മതിക്കില്ല. അതുകൊണ്ട് തന്നെ ആദ്യ മത്സരം സോൾ ലേക് സ്റ്റേഡിയത്തിൽ നടന്നില്ല എങ്കിൽ വാക്ക് ഓവറിൽ ഐസോൾ എഫ് സി മൂന്നു പോയന്റ് സ്വന്തമാക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുംബൈ സിറ്റി താരത്തിനെതിരെ വംശീയാധിക്ഷേപം, ബെംഗളൂരു ആരാധകർ പ്രതികൂട്ടിൽ
Next articleഗ്രൂപ്പ് ജേതാക്കളാവാൻ ഉറച്ച് സ്പർസ് ഇന്ന് ഡോർട്ട്മുണ്ടിൽ